ഓഫീസുകൾ താത്കാലിക ഷെഡുകളിലേക്ക് മാറ്റും
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ എയർപോർട്ട് മോഡലിൽ വികസിപ്പിക്കുന്നതിന് ഭാഗമായി, ഒന്നാം പ്രവേശന കവാടത്തിലെ പ്രധാന കെട്ടിടം ഒരുമാസത്തിനകം പൊളിക്കും. ഈ കെട്ടിടത്തിൽ നിലവിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ മാറ്റി സ്ഥാപിക്കാൻ താത്കാലിക ഷെഡുകളുടെ നിർമ്മാണം ആരംഭിച്ചു.
ഒന്നാം പ്രവേശന കവാടത്തിൽ അഞ്ച് നിലകൾ വീതമുള്ള ആറ് ബ്ലോക്ക് കെട്ടിടങ്ങളാണ് പുതുതായി നിർമ്മിക്കുന്നത്. ഇതിൽ മൂന്നെണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. നിലവിലുള്ള ഓഫീസ് കെട്ടിടം പൊളിച്ചു നീക്കിയ ശേഷം ബാക്കി മൂന്ന് ബ്ലോക്കുകളുടെ നിർമ്മാണം ആരംഭിക്കും. പരമ്പരാഗത കേരള ശൈലിയിലായിരിക്കും പ്രധാന കെട്ടിടത്തിന്റെ ഫ്രണ്ട് എലിവേഷൻ. ഒന്നര വർഷത്തിനകം നിർമ്മാണം പൂർണമായും പൂർത്തിയാക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ
പൊളിക്കുന്ന കെട്ടിടത്തിൽ
സ്റ്റേഷൻ മാനേജർ ഓഫീസ്
സ്റ്റേഷൻ മാസ്റ്റർ ഓഫീസ്
ടിക്കറ്റ് ബുക്കിംഗ്, റിസർവേഷൻ കൗണ്ടറുകൾ
ക്രൂ ബുക്കിംഗ്
ട്രെയിനിംഗ് സെന്റർ
വിശ്രമകേന്ദ്രം
പാർക്കിംഗ് ടവർ അന്തിമഘട്ടത്തിൽ
കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം മൾട്ടി ലെവൽ കാർ പാർക്കിംഗ് ടവറിന്റെ നിർമ്മാണം അന്തിമഘട്ടത്തിലെത്തി. പ്ലാസ്റ്ററിംഗ് പുരോഗമിക്കുകയാണ്. പെയിന്റിംഗ് കൂടി പൂർത്തിയാക്കി ജനുവരിയിൽ കെട്ടിടം കമ്മിഷൻ ചെയ്യും. 138 കാറുകളും 239 ബൈക്കുകളും പാർക്ക് ചെയ്യാം. രണ്ട് ലിഫ്ടുകളുണ്ടാകും.
സർവീസ് കെട്ടിടം തയ്യാർ
നിർമ്മാണം പൂർത്തിയായ സർവീസ് കെട്ടിടത്തിൽ വൈദ്യുതീകരണത്തിന്റെ പരിശോധന മാത്രമാണ് ഇനി ബാക്കിയുള്ളത്. ഒരുമാസത്തിനുള്ളിൽ ഈ കെട്ടിടം കരാർ കമ്പനി റെയിൽവേയ്ക്ക് കൈമാറും.
എയർ കോൺകോഴ്സ്
എയർപോർട്ടുകളിലേതിന് സമാനമായ സൗകര്യങ്ങളുള്ള എയർകോഴ്സിന്റെ നിർമ്മാണം ആരംഭിച്ചു. ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ച് റെയിൽവേ ലൈനിന് മുകളിലൂടെയാണ് എയർകോൺകോഴ്സ് നിർമ്മിക്കുന്നത്. എയർകണ്ടീഷൻ സംവിധാനമുള്ള എയർകോൺകോഴ്സിൽ വെയിറ്റിംഗ് ഏരിയ, വെൻഡിംഗ് മെഷീനുകൾ, കഫെറ്റേരിയ, വാഷിംഗ് റൂം തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. തൂണുകളുടെ നിർമ്മാണം പൂർത്തിയായി. സ്റ്റീൽ കൊണ്ടുള്ള എയർകോൺകോഴ്സിന്റെ ചട്ടക്കൂട് രാജസ്ഥാനിൽ നിർമ്മിച്ച് ഇവിടെ കൊണ്ടുവന്ന് സ്ഥാപിക്കും.
റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നേരത്തെ തയ്യാറാക്കിയ ഷെഡ്യൂൾ പ്രകാരം തന്നെ അതിവേഗം മുന്നോട്ടുപോകുകയാണ്. പാർക്കിംഗ് ടവറും സർവീസ് കെട്ടിടവും വൈകാതെ കൈമാറും
നിർമ്മാണ കമ്പനി അധികൃതർ