a
വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലെ വെളിനല്ലൂർ ഗവ.ആയുർവേദ ഡിസ്പെൻസറിക്ക് വേണ്ടി പുതിയതായി പണികഴിപ്പിച്ച കെട്ടിടം

ഓയൂർ : വെളിനല്ലൂർ ആയുർവേദ ഡിസ്‌പെൻസറിക്ക് സ്വന്തം സ്ഥലത്ത് കെട്ടിടം എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. നിർമ്മാണം പൂർത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 23ന് വൈകിട്ട് 3ന് മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി ഘോഷയാത്ര ഉണ്ടായിരിക്കുമെന്ന് വെളിനല്ലൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.അൻസർ അറിയിച്ചു.

ആയുർവേദ ഡിസ്‌പെൻസറി ഇത്രയും കാലം വാടക കെട്ടിടത്തിൽ മതിയായ സുരക്ഷയോ, സൗകാര്യങ്ങളോ ഇല്ലാതെ പ്രവർത്തിച്ചു വരികയായിരുന്നു. വെളിനല്ലൂർ കളിലഴികത്തു അമ്പിളി രതീഷ് കുമാർ 15 സെന്റ് സ്ഥലം സൗജന്യമായി നൽകാമെന്ന് ഉഗംകുന്ന് വാർഡ് അംഗം ടി.കെ.ജ്യോതി ദാസിനെ അറിയിച്ചതോടെയാണ് പുതിയ കെട്ടിടം എന്ന ചിന്തയിലേക്ക് വെളിനല്ലൂർ ഗ്രാമപഞ്ചായത്ത്‌ ഭരണ സമിതി കടന്നത്. വെളിനല്ലൂർ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിയുടെ പേരിൽ ലഭിച്ച വസ്തുവിൽ പുതിയ കെട്ടിടം വേണമെന്ന പഞ്ചായത്ത്‌ ഭരണ സമിതിയുടെ പരിശ്രമം ഒടുവിൽ ഫലം കണ്ടു. തുടർന്ന് 30 ലക്ഷം രൂപയ്ക്ക് പുതിയ കെട്ടിടത്തിന് നാഷണൽ ആയുഷ് മിഷൻ തുക അനുവദിക്കുകയായിരുന്നു.