t
യുവാക്കളുടെ മരണത്തിന് ഇടയാക്കിയ കുഴി

കൊല്ലം: കാക്കത്തോപ്പിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കളുടെ ജീവൻ കവർന്ന, തരിപ്പണമായ തീരദേശ റോഡ്. അറ്റകുറ്റപ്പണി നടത്തുന്നതിൽ അധികൃതർ പുലർത്തുന്നത് ക്രൂരമായ നിസംഗത. സമീപകാലത്ത് ഈ റോഡിലെ കുഴികളിൽ വീണ് അപകടങ്ങൾ പതിവായിട്ടും നവീകരണത്തിനുള്ള നടപടികൾ വേഗത്തിലായിട്ടില്ല.

തീരദേശ റോഡിന്റെ വളരെ ചെറിയ ഭാഗം മാത്രമാണ് നിലവിൽ ഗതാഗത യോഗ്യം. ബാക്കി ഭൂരിഭാഗം സ്ഥലങ്ങളിലും ടാറും മെറ്റിലുമിളകി കിടക്കുകയാണ്. ഇതിന് പുറമേയാണ് പലയിടങ്ങളിലെ വൻ കുഴികൾ. പലയിടങ്ങളിലും ശക്തമായ തിരയിൽ റോഡിന്റെ വശം കടലെടുത്ത് പോയിട്ടുമുണ്ട്. തകർന്ന് കിടക്കുന്ന ഭാഗങ്ങളിൽ പൊടിശല്യം രൂക്ഷമായതിനാൽ വശങ്ങളിലുള്ള വീട്ടുകാർക്ക് വാതിലും ജനാലയും തുറക്കാനാകാത്ത അവസ്ഥയുമാണ്.

പരവൂരിൽ നിന്നു കുറഞ്ഞ സമയത്തിനുള്ളിൽ കൊല്ലം നഗരത്തിൽ എത്താനുള്ള വഴിയാണെങ്കിലും തകർന്നുകിടക്കുന്നതിനാൽ ഇതുവഴി സഞ്ചരിക്കാൻ ഭയക്കുകയാണ്. സർവീ നടത്തുന്ന നാല് സ്വകാര്യ ബസുകൾ കുഴികളിൽ വീണ് എന്നും അറ്റകുറ്റപ്പണി നടത്തേണ്ട അവസ്ഥയാണ്. പെർമിറ്റ് നഷ്ടമാകുന്ന ഭീതി കൊണ്ട് മാത്രമാണ് ബസുകൾ ഇപ്പോഴും സർവീസ് തുടരുന്നത്.

 തെരുവ് വിളക്കില്ല

തീരദേശ റോഡിലെ ഭൂരിഭാഗം തെരുവ് വിളക്കുകളും പ്രകാശിക്കുന്നില്ല. അതുകൊണ്ട് തന്നെ സന്ധ്യ മയങ്ങുന്നതോടെ റോഡിലെ കുഴികൾ കാണാനാകില്ല. റോഡ് വക്കിൽ വീടില്ലാത്ത ഭാഗങ്ങളിൽ കൂരിരുട്ടാണ്.

 3.76 കോടിയുടെ പദ്ധതി

എം. നൗഷാദ് എം.എൽ.എയുടെ ഇടപെടലിൽ മുണ്ടയ്ക്കൽ പാലം മുതൽ ഇരവിപുരം പാലം വരെയുള്ള തീരദേശപാതയുടെ ഭാഗം നവീകരിക്കാൻ സർക്കാർ ആഗസ്റ്റ് രണ്ടാംവാരം 3.76 കോടി അനുവദിച്ചിരുന്നു. എന്നാൽ നിർവഹണ ഏജൻസിയായ ഹാർബർ എൻജിനിയറിംഗ് വകുപ്പ് സാങ്കേതികാനുമതി വാങ്ങി നിർമ്മാണത്തിനുള്ള ടെണ്ടർ ക്ഷണിച്ചിട്ടില്ല.