 
എഴുകോൺ : കാഥിക ശ്രേഷ്ഠനും ഭാഷാ പണ്ഡിതനും പുരോഗമന ചിന്തകനുമായിരുന്ന പ്രൊഫ. കടയ്ക്കോട് വിശ്വംഭരന്റെ സ്മരണാർത്ഥം പുരോഗമന കലാ സാഹിത്യ സംഘവും കടയ്ക്കോട് വിശ്വംഭരൻ ഫൗണ്ടേഷനും ചേർന്ന് ഏർപ്പെടുത്തിയ കഥാപ്രസംഗ രംഗത്തെ സമഗ്ര സംഭാവനാ പുരസ്കാരത്തിന് കാഥിക തൊടിയൂർ വസന്തകുമാരി അർഹയായി. സാഹിത്യ പുരസ്കാരം നോവലിസ്റ്റ് ജാനമ്മ കുഞ്ഞുണ്ണിക്കാണ്. ജാനമ്മയുടെ ശിവകാമി എന്ന നോവലാണ് അവാർഡിനർഹമായത്. ആർ. രാജലക്ഷ്മിയുടെ മദിരാശി മരങ്ങൾ, ഡോ. വസന്തകുമാർ സാംബശിവന്റെ മൃതിക്കുമപ്പുറം എന്നീ നോവലുകൾ പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹമായി. ഡോ. വസന്തകുമാർ സാംബശിവൻ ചെയർമാനായ ജൂറിയാണ് സമഗ്ര സംഭാവനാ പുരസ്കാരം നിർണയിച്ചത്. കല്ലട വി.വി.ജോസ്, കടയ്ക്കോട് ബി.സാംബശിവൻ എന്നിവരായിരുന്നു മറ്റംഗങ്ങൾ.ഡോ.സി.ഉണ്ണികൃഷ്ണൻ ചെയർമാനായ ജൂറിയാണ് സാഹിത്യ പുരസ്കാരം നിർണയിച്ചത്. പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള , അഡ്വ.സുരേന്ദ്രൻ കടയ്ക്കോട് എന്നിവർ അംഗങ്ങളായിരുന്നു.
23ന് വൈകിട്ട് 6ന് എഴുകോൺ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ പുരസ്കാരങ്ങൾ സമ്മാനിക്കും. ഉച്ചയ്ക്ക് 2ന് കാഥിക സംഗമവും തുടർന്ന് യുവ കാഥികരുടെ കഥാ പ്രസംഗങ്ങളും നടക്കും. രാജീവ്കുമാർ നരിക്കൽ, സി.എൻ.സ്നേഹലത , റാണി മോനച്ചൻ, ശ്രീപ്രിയ ശ്രീകാന്ത്, രഞ്ജിനി പഴങ്ങാലം, ബി.ദേവതീർത്ഥ എന്നിവർ കഥാ പ്രസംഗങ്ങൾ അവതരിപ്പിക്കും.
രാവിലെ 8ന് സ്മൃതി മണ്ഡപത്തിൽ പി.എ.എബ്രഹാം പതാക ഉയർത്തും.
അനുസ്മരണ യോഗത്തിൽ വിവിധ മേഖലകളിൽ പ്രതിഭകളായവരെ മന്ത്രി ആദരിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എഴുകോൺ സന്തോഷും സെക്രട്ടറി വി.സന്ദീപും പറഞ്ഞു.