പുനലൂർ: പുനലൂർ ശ്രീനാരായണ കോളേജിൽ സമാധാന അന്തരീക്ഷം ഉറപ്പാക്കാൻ എസ്.എൻ ട്രസ്റ്റ് പുനലൂർ റീജിയണൽ ഡെവലപ്പ്മെന്റ് കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വൈകിട്ട് എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷവും തുടർന്ന് ലാത്തിച്ചാർജും നടന്നിരുന്നു. കോളേജിൽ വ്യാപകമായ നാശനഷ്ടം ഉണ്ടാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സമാധാന അന്തരീക്ഷം നിലനിറുത്താൻ ഹൈക്കോടതിയെ സമീപിക്കുന്നത്. കോളേജ് കെട്ടിടത്തിന്റെ രണ്ട് വാതിലുകൾ, മൂന്ന് ജനലുകൾ, ജീവനക്കാരന്റെ കാറിൻെറ ചില്ല്, 4 ബൈക്കുകളുടെ ഗ്ലാസുകളും നിരവധി ചെടിച്ചട്ടികളും, മുളകൊണ്ട് നിർമ്മിച്ച വേലി എന്നിവ സംഘർത്തിനിടെ തല്ലിത്തകർത്തി്ട്ടുണ്ട്. ഡിഗ്രിക്കു പരാജപ്പെട്ട 27ഉം 28 ഉം വയസുള്ളവർ പിന്നീട് അഡ്മിഷൻ വഴി കോളേജിൽ കയറി രാഷ്ട്രീയ പ്രവർത്തനം മുഖ്യതെഴിലായി കൊണ്ട് പോകുന്ന സ്ഥിതിയുണ്ട്. പഠനം എന്നതിലുപരി രാഷ്ട്രീയ പ്രവർത്തനത്തിന് മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന ഇവർ അദ്ധ്യാപകരെ ഭീക്ഷണിപ്പെടുത്തി ബുക്കിൽ ഹാജർ രേഖപ്പെടുത്തുന്നത് അടക്കമുളള സംഭവങ്ങൾ അനുവദനീയമല്ല. ആറ് പതിറ്റാണ്ടോളം പാരമ്പര്യമുളള കോളേജിൻെറ അക്കാഡമിക നിലവാരത്തിനും പാഠ്യേതര രംഗങ്ങളിലെ വലിയ നേട്ടങ്ങൾക്കും പ്രതാപങ്ങൾക്കും കോട്ടം തട്ടുന്ന ഒരു നടപടിയും അനുവദിക്കില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പാർട്ടി പ്രവർത്തനങ്ങൾക്കായി മുതിർന്ന വിദ്യാർത്ഥികളെ തിരുകി കയറ്റി കോളേജിലെ സമാധാന അന്തരീക്ഷം തകർക്കുകയാണ്. മുൻ വർഷങ്ങളിലും ഈ കോളേജിൽ വലിയ സംഘർഷങ്ങൾ ഉണ്ടയ സ്ഥിതിക്ക് തിരഞ്ഞെടുപ്പ് പോലെയുളള ദിവസങ്ങളിൽ കൂടുതൽ പൊലീസ് സംരക്ഷണം ഉറപ്പ് വരുത്തേണ്ടതായിരുന്നു. ഏതെങ്കിലും ഒരു വിദ്യാർത്ഥി സംഘടന വിജയിക്കുമ്പോൾ ഫലപ്രഖ്യാപനം നടത്തിക്കാതെ ആ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള ശ്രമങ്ങൾ അന്നും ഇന്നും നടക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
കോളേജ് അടച്ചു
പുനലൂർ എസ്.എൻ.കോളേജിൽ ഇരുവിഭാഗം വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് കോളേജ് അനിശ്ചിത കാലത്തേക്ക് അച്ചതായി പ്രിൻസിപ്പൽ സുലേഖ അറിയിച്ചു.