കൊല്ലം: മണിപ്പൂർ കലാപത്തിൽ വീടും സ്‌കൂളും നഷ്ടപ്പെട്ടതിനെത്തുടർന്ന് സന്നദ്ധ പ്രവർത്തകർ കണ്ടെത്തി കേരളത്തിലെത്തിച്ച കുട്ടികൾ, മൂന്നു മാസങ്ങൾക്കൊടുവിൽ കൊല്ലം ഗവ.ചിൽഡ്രൻസ് ഹോമിൽനിന്ന് മണിപ്പൂരിലേക്ക് മടങ്ങി. 'ഇത് ദൈവത്തിന്റെ സ്വന്തം നാടാണ്, കലാപത്തിൽപ്പെട്ട ഞങ്ങൾക്ക് അഭയം തന്ന നാട്, മറക്കില്ല, തന്ന സ്‌നേഹത്തിനും ഫുട്‌ബോൾ കളിക്കാൻ അവസരം തന്നതിനും...' പോകും മുമ്പ് അവർ പറഞ്ഞ വാക്കുകൾ.
നടുക്കുന്ന കലാപത്തിന്റെ ഓർമ്മകളിൽ നിന്ന് 17 ആൺകുട്ടികളെയും ഒൻപത് പെൺകുട്ടികളെയുമാണ് കേരളത്തിന്റെ സുരക്ഷിത തീരത്തെത്തിച്ചത്. മണിപ്പൂർ സി.ഡബ്ലു.സി ചെയർപേഴ്‌സൺ, സ്‌പെഷ്യൽ ജുവനൈൽ പൊലീസ് യൂണിറ്റ് ഉൾപ്പടെയുള്ള അംഗങ്ങൾക്കൊപ്പം കുട്ടികൾ വിവേക് എക്‌സ്‌പ്രസിലാണ് മണിപ്പൂരിലേക്ക് മടങ്ങിയത്. കഴിഞ്ഞ ജൂലായ് ഏഴിനാണ് ആൺകുട്ടികളെ കൊല്ലത്തും പെൺകുട്ടികളെ പത്തനംതിട്ടയിലെ ചിൽഡ്രൻസ് ഹോമിലുമാക്കിയത്. ഇവിടെ നിന്ന് പെൺകുട്ടികളെ ഇന്നലെ കൊല്ലത്തെത്തിച്ചിരുന്നു. കുട്ടികളിൽ കൂടുതൽ പേരും കുക്കി സമുദായക്കാരാണ്. ഈ സംഘത്തിലുണ്ടായിരുന്ന ചുരാചന്ദ്പൂർ ജില്ലയിൽനിന്നുള്ള രണ്ട് കുട്ടികളെ സർക്കാരിന്റെ അനുമതിയോടെ ബന്ധുക്കളെത്തി ബംഗളൂരുവിലേക്ക് കൊണ്ടുപോയിരുന്നു. സി.ഡബ്ല്യു.സിയാണ് കുട്ടികളുടെ കാര്യങ്ങൾ നോക്കിയിരുന്നത്. ആദ്യ ദിനങ്ങളിൽ ഭാഷയും മറ്റും ബുദ്ധിമുട്ടായിരുന്നു. പിന്നീട് നാടും നഗരവുമായി ഇഴുകിച്ചേർന്നു.
കുട്ടികളുടെ വിദ്യാഭ്യാസം തുടരുന്നതിനായി ജില്ലയിലെ ഒരു സ്കൂളിൽ അഡ്മിഷൻ സംബന്ധമായ നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതിനിടെയാണ് മണിപ്പൂർ സർക്കാർ ഇവരെ തിരികെ നാട്ടിലേക്ക് കൊണ്ടുപോകുകയാണെന്ന വിവരം സി.ഡബ്ല്യു.സിയെ അറിയിച്ചത്.
ചിൽഡ്രൻസ് ഹോമിലെ ജീവനക്കാരുമായും സൗഹൃദത്തിലയായിരുന്നു ആൺകുട്ടികളുടെ സംഘം. ഇംഗ്ലീഷിലായിരുന്നു ആശയവിനിമയങ്ങൾ . ഒഴിവ് സമയങ്ങളിൽ മറ്റ് കുട്ടികളോടൊപ്പം മലയാള സിനിമ കാണലും ഫുട്‌ബോൾ കളിക്കലുമായിരുന്നു വിനോദം. മോഹൻലാലാണ് ഇഷ്ടനടൻ.
സി.ഡബ്ല്യു.സി ചെയർമാൻ സനൽ വെള്ളിമണിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ യാത്രയയപ്പിന് റെയിൽവേ സ്‌റ്റേഷനിൽ എത്തിയിരുന്നു. കുട്ടികൾ മണിപ്പൂരിലെത്തി ഒരു മാസം കഴിഞ്ഞ ശേഷം ഇവരുടെ ജീവിതത്തെ പറ്റിയുള്ള റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് സി.ഡബ്ല്യു.സി അധികൃതർ പറഞ്ഞു