പത്തനാപുരം: പത്തനാപുരം മാങ്കോട് വാഴപ്പാറ സ്വദേശിയായ ആറു വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കുട്ടി കോട്ടയം മെഡി. ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്.

ഒരുമാസം മുൻപ് തിരുവനന്തപുരത്ത് ബന്ധുക്കൾക്കൊപ്പം വിനോദയാത്ര പോയിരുന്നു. ഇതിനിടയിലാകാം രോഗകാരിയായ അമീബ ശരീരത്തിൽ പ്രവേശിച്ചതെന്ന് കരുതുന്നു. കടുത്ത തലവേദനയെ തുടർന്ന് 17ന് കുട്ടിയെ പത്തനാപുരം താലൂക്ക് ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് 18 ന് കോട്ടയം മെഡി. ആശുപത്രിയിലേക്കു മാറ്റി. അന്നു രാത്രിയോടെയാണ് രോഗം സ്ഥിരീകരിച്ചത്. വീടിന് സമീപത്ത് തോടുകൾ ഉണ്ടെങ്കിലും കുട്ടി ഇവിടങ്ങളിലേക്ക് പോയിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. രോഗം പിടിപെട്ട ഉറവിടം കണ്ടെത്താനായി ആരോഗ്യവകുപ്പ് അധികൃതർ പരിശോധന ആരംഭിച്ചു.

പത്തനാപുരം സർക്കാർ ആശുപത്രിലേയും മാങ്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയും ആരോഗ്യ വകുപ്പ് ജീവനക്കാർ മേഖലയിൽ ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കി. തോടുകളിലും വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലും സമ്പർക്കം ഒഴിവാക്കണം എന്നുൾപ്പെടെയുള്ള നിർദ്ദേശം ജനങ്ങൾക്ക് നൽകിയിട്ടുണ്ട്.

തലവൂർ സ്വദേശിയായ പത്ത് വയസുകാരന് ഒരാഴ്ച മുൻപ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിട്ടും കടുത്ത പനിയും ഛർദ്ദിയും മാറാത്തതിനെ തുടർന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ വാർഡിലേക്ക് മാറ്റി. ഇപ്പോൾ നിരീക്ഷണത്തിലാണ് കുട്ടി. ആരോഗ്യവകുപ്പ് തോട്ടിൽ നിന്ന് വെള്ളം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ലഭി​ച്ചി​ട്ടി​ല്ല.