ജില്ലയിൽ പദ്ധതിക്ക് പ്രിയമേറുന്നു
കൊല്ലം: ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കൈത്താങ്ങാവാൻ കുടുംബശ്രീ മിഷൻ ആരംഭിച്ച സാന്ത്വന പരിചരണ പദ്ധതിയായ 'കെ ഫോർ കെയറി'ന് ജില്ലയിൽ പ്രചാരമേറുന്നു. ശിശുപരിചരണം, വയോജന- രോഗി- ഭിന്നശേഷി - ഗർഭിണികൾ എന്നിവരെ പരിചരിക്കൽ, വീടുകളിൽ ഒറ്റയ്ക്കായവരുടെ പരിചരണം, കുട്ടികളെ നോക്കൽ എന്നിവയാണ് പദ്ധതിയിലൂടെ ലഭ്യമാകുന്നത്. 2019ൽ വയോജന പരിപാലനത്തിന് ആരംഭിച്ച 'ഹർഷ'ത്തിന് പകരമാണ് ഈ വർഷമാദ്യം ' കെ ഫോർ കെയർ' തുടങ്ങിയത്.
ആദ്യഘട്ടത്തിൽ 30 പേർക്ക് പരിശീലനം നൽകി 27പേരെയും രണ്ടാംഘട്ടം 24 പേർക്ക് പരിശീലനം നൽകി 12പേരെയും വിവിധയിടങ്ങളിൽ നിയമിച്ചു. ആരോഗ്യകരമായ ജീവിതം, വ്യക്തിശുചിത്വം, രോഗിയുടെ അവകാശങ്ങൾ, അണുബാധ നിയന്ത്രണം, നേത്ര സംരക്ഷണം, മുറിവുകൾ എങ്ങനെ പരിചരിക്കണം, കത്തീഡ്രൽ കെയർ, ഫിസിയോതെറാപ്പി, ഇൻസുലിൻ കുത്തിവയ്പ്, പേഷ്യന്റ് ട്രാൻസ്‌ഫറിംഗ്, സ്വയം പ്രതിരോധ മാർഗങ്ങൾ തുടങ്ങി 31 വിഷയത്തിലാണ് എക്സിക്യുട്ടിവുകൾക്ക് പരിശീലനം.
പത്താം ക്ലാസ് വിജയിച്ച 18നും 55നും ഇടയിൽ പ്രായമുള്ള, അയൽക്കൂട്ട, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളെയാണ് എക്സിക്യുട്ടിവായി പരിഗണിക്കുന്നത്. പർപ്പിൾ നിറത്തിലുള്ള, കുടുംബശ്രീ ലോഗോ പതിപ്പിച്ച ടോപ്പും കറുത്ത പാന്റ്‌സുമാണ് യൂണിഫോം. തിരുവനന്തപുരം എച്ച്. എൽ.എഫ്.പി.പി.ടി, പാലക്കാട് ആസ്പിരന്റ് ലേണിംഗ് അക്കാഡമി എന്നീ ഏജൻസികൾ വഴിയാണ് പരിശീലനവും നിയമനവും. മണിക്കൂർ, ദിവസം, മാസം എന്നീ നിലയിലാണ് സേവനം. എക്‌സിക്യൂട്ടീവുകൾക്കുള്ള ഭക്ഷണം, വിശ്രമത്തിന് സുരക്ഷിതമായ സ്ഥലം, പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ എന്നിവ വീട്ടുകാർ ഉറപ്പാക്കണമെന്ന് വ്യവസ്ഥയുണ്ട്.
വിളിക്കാൻ കോൾ സെന്റർ
കെ ഫോർ കെയർ എക്‌സിക്യുട്ടീവുകളുടെ സേവനം ലഭിക്കാൻ സംസ്ഥാനതലത്തിൽ കോൾ സെന്റർ സജ്ജമാക്കി. 9188925597 എന്ന നമ്പറിൽ വിളിച്ചാൽ സേവനം ലഭിക്കും. ഉപഭോക്താവ് ആവശ്യപ്പെടുന്ന സമയത്ത് അതത് ജില്ലയിൽ കെയർ എക്‌സിക്യുട്ടിവിനെ ലഭ്യമല്ലെങ്കിൽ തൊട്ടടുത്ത ജില്ലയിൽ നിന്ന് എത്തിക്കും. എക്‌സിക്യുട്ടിവുകളെ ജോലിക്കായി നിയോഗിച്ച വീടുകളുടെ വിവരങ്ങൾ അതത് കുടുംബശ്രീ സി.ഡി.എസുകൾ വഴി ശേഖരിക്കും. സംസ്ഥാന കോൾ സെന്ററിന് പുറമേ ജില്ലയിലും സെന്റർ ആരംഭിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
സേവന നിരക്കുകൾ (തുക രൂപയിൽ)
8 മണിക്കൂർ: 750
24 മണിക്കൂർ: 1,000
15 ദിവസം: 12,000
30 ദിവസം: 22,000
കിടപ്പ് രോഗി പരിചരണം
ഒരു മണിക്കൂർ: 250
2 മണിക്കൂർ: 400
പകുതി ദിവസം (പരമാവധി 4 മണിക്കൂർ): 750
8 മണിക്കൂർ: 1,000
24 മണിക്കൂർ: 1,200
15 ദിവസം: 15,000
30 ദിവസം: 25,000