ഡെങ്കിയും എലിപ്പനിയും വ്യാപിക്കുന്നു
കൊല്ലം: ജില്ലയിൽ ഈ മാസം 16 വരെ വിവിധ പനികൾ ബാധിച്ച് ചികിത്സ തേടിയത് 8,065 പേർ. 118 പേർക്ക് ഡെങ്കിപ്പനിയും 13 പേർക്ക് എലിപ്പനിയും 71 പേർക്ക് ചിക്കൻപോക്‌സും സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ.
ആശുപത്രികളിൽ കഴിയുന്നത് 128 പേരാണ്. ഈ മാസം 2,11,12,13 തീയതികളിലൊഴികെ മറ്റെല്ലാ ദിവസങ്ങളിലും ചികിത്സ തേടിയവരുടെ എണ്ണം 500ന് മുകളിലാണ്. രണ്ടിനും 13നുമാണ് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുതലായി റിപ്പോർട്ട് ചെയ്തത്. ജില്ലയിലെ ഹോട്ട് സ്പോട്ടുകളിലധികവും കോർപ്പറേഷൻ ഏരിയയിലാണ്. മൈനാഗപ്പള്ളി, ആലപ്പാട്, ചാത്തന്നൂർ, കിളികൊല്ലൂർ, പാരിപ്പള്ളി, തൊടിയൂർ, ശക്തികുളങ്ങര, വെസ്റ്റ്കല്ലട, ഇരവിപുരം എന്നിവിടങ്ങളിലാണ് പകർച്ചപ്പനികൾ കൂടുതൽ റിപ്പോർട്ട് ചെയ്തത്.
ജില്ലയിൽ ബ്‌ളാക്ക് ഫംഗസ്, ഷിഗല്ല, കൊവിഡ്, മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും നിലവിൽ നിയന്ത്രണവിധേയമാണ്. സംസ്ഥാനത്ത് ഒരു മാസത്തിനിടെ 712 ഡെങ്കിപ്പനി കേസുകൾ സ്ഥിരീകരിച്ചു. 1875 പേർ രോഗലക്ഷണങ്ങളുമായി ചികിത്സതേടി.
കൊതുക് ശല്യം രൂക്ഷം
സന്ധ്യമയങ്ങിയാൽ ജില്ലയിൽ കൊതുക് ശല്യം അതിരൂക്ഷമാണ്. ബസ് സ്റ്റോപ്പുകളിൽ ഉൾപ്പെടെ നിൽക്കാനാവാത്ത അവസ്ഥ.
കൊതുകിന്റെ ഉറവിട നശീകരണം കൃത്യമായി നടത്താത്തതും തുറന്ന ഓടകളും വെള്ളക്കെട്ടുമാണ് പെരുകാൻ ഇടയാക്കുന്നത്. കെട്ടിനിൽക്കുന്ന മലിനജലത്തിൽ ചവിട്ടുന്നവർക്ക് എലിപ്പനിക്കുള്ള സാദ്ധ്യതയും ഏറെ. കനാലുകൾക്ക് സമീപമുള്ള പ്രദേശങ്ങളിലും കൊതുകുശല്യം രൂക്ഷമാണ്. വീടുകളിൽ ഇരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കൊതുകുജന്യ രോഗങ്ങൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിരോധ നടപടികൾ ആരോഗ്യവകുപ്പും കോർപ്പറേഷനും സ്വീകരിക്കണമെന്നാണ് നാടിന്റെ ആവശ്യം.
നഗരത്തിലെ ആശുപത്രികളിലും മറ്റ് സ്ഥാപനങ്ങളിലും ബയോ ലാർവിസൈഡ്, പെമിഫോസ് തുടങ്ങി കൊതുകു നാശിനി മരുന്നുകൾ തളിക്കുന്ന ജോലികൾ ചടങ്ങുകളായി ഒതുങ്ങുകയാണ്. കൊതുകു വലകൾ, ഇലക്ട്രിക് മസ്‌കിറ്റോ ബാറ്റ്, കുട്ടികൾക്കു വേണ്ടി കൊതുകു വലയോടു കൂടിയ കിടക്കകൾ, കൊതുകുതിരികൾ തുടങ്ങിയവയ്ക്ക് വിപണികളിൽ നിലവിൽ ആവശ്യക്കാർ ഏറെയാണ്.
ഡെങ്കി ലക്ഷണങ്ങൾ 
കടുത്ത പനി, തലവേദന, പേശിവേദന, വിശപ്പിലായ്മ, ഛർദ്ദി, ക്ഷീണം, തൊണ്ടവേദന, കണ്ണിന് പിന്നിൽ വേദന, ചുമ
ഡ്രൈ ഡേ ആചരണം ശക്തമാക്കും. കൊതുക് നശീകരണത്തിനുള്ള നടപടികൾ സ്വീകരിക്കും ഇതിനായി കൂടുതൽ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കും
ആരോഗ്യവകുപ്പ് അധികൃതർ