കൊല്ലം: 'ഞങ്ങളെ എങ്ങനേലും രക്ഷിക്കണേ...' എന്ന നിലവിളി കേട്ടാണ് കൃഷ്ണവിലാസം വീടി​ന്റെ അയൽവാസി​കൾ ഉണർന്നത്. വീട്ടിൽ നിന്ന് അസാധാരണമായി​ പുക പുറത്തേക് വരുന്നുമുണ്ട്. കുട്ടികൾ നിലവിളിക്കുന്നു. സമീപവാസികളെല്ലാം ഓടിയെത്തി വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോൾ തീയും പുകയും. അതിനിടയിൽ ഹാളിൽ മരണവെപ്രാളത്തിൽ തലങ്ങും വിലങ്ങുമോടുന്ന മിഥുനും വിസ്മയയും. വെള്ളവും തുണിയുമൊക്കെ ഉപയോഗിച്ച് തീ കെടുത്തി.

വിസ്മയയുടെ പോളിയസ്റ്റർ വസ്ത്രം ശരീരത്തോട് ഉരുകിച്ചേർന്നിരുന്നു. മിഥുന്റെ വസ്ത്രങ്ങളും കത്തി. രണ്ടുപേർക്കും സാരമായി പൊള്ളലേറ്റുവെന്നു മനസിലായതോടെ പഞ്ചായത്ത് മെമ്പറെ വിവരം അറിയിച്ചു. അകത്തെ മുറിയിൽ ഒന്നും കാണാനാകാത്ത വിധം തീയും പുകയുമായിരുന്നു. ഇതി​നി​ടെ പൊള്ളലേറ്റിരിക്കുന്ന നി​ലയി​ൽ വിനോദിനെ കണ്ടു. എന്തിനാ ഇത് ചെയ്തതെന്ന ചോദ്യത്തിന് വിനോദ് ഉത്തരം നൽകിയില്ല. പതിയെ പിന്നോട്ട് മറി‌ഞ്ഞു. ആംബുലൻസ് എത്തിയ ഉടൻ മൂവരെയും വളരെ പണിപ്പെട്ടാണ് കയറ്റിയത്. ശരീര ഭാഗങ്ങൾ പൊള്ളി അടരുന്ന നിലയിലായിരുന്നു. വീട്ടിനുള്ളിലെ അമിത ദുർഗന്ധവും പുകയും അസഹനീയമായിരുന്നുവെന്ന് അയൽക്കാർ പറയുന്നു.

അറി​യി​ല്ല, എന്തിനീ ക്രൂരത?

ഭാര്യ സിനിജ കുമാരിയുടെ മരണത്തോടെ വിനോദ് വല്ലാത്തൊരു മാനസിക അവസ്ഥയിലായിരുന്നുവെന്ന് അയൽക്കാർ പറയുന്നു. തന്റെ കാലശേഷം മക്കളെ ആരുനോക്കും, ഇവരെ ഞാനൊറ്റയ്ക്ക് എങ്ങിനെ നോക്കും എന്ന വി​ധത്തി​ലുള്ള ആശങ്കകൾ പലരോടും വിനോദ് പറഞ്ഞിരുന്നു. മറ്റുള്ളവരുമായി​ വലി​യ സഹകരണം ഉള്ളയാളല്ല വിനോദ്. ഐ.ടി.ഐ വിദ്യാർത്ഥിയായ മിഥുനും എട്ടാം ക്ളാസ് വിദ്യാർത്ഥിനിയായ മകൾ വിസ്മയയും ഭാര്യയും അമ്മയും അടങ്ങുന്നതായിരുന്നു വിനോദിന്റെ ലോകം. അമ്മ 75 വയസ് പിന്നിട്ടയാളാണ്. ഭാര്യയുടെ മരണശേഷം മക്കളുമായി കൂടുതൽ ഇഴുകിച്ചേരുകയായിരുന്നു വിനോദ്. രാത്രി ഉറങ്ങുന്നതുപോലും അവർക്കൊപ്പമായി. മിഥുനും എപ്പോഴും അനിയത്തിക്കൊപ്പമുണ്ടാകും. ക്ളാസ് വിട്ടുകഴിഞ്ഞാൽ മറ്റ് കൂട്ടുകെട്ടുകൾക്ക് നിൽക്കാതെ വീട്ടിലേക്ക് ഓടിയെത്തുന്ന സ്വഭാവമാണ് മിഥുന്റേത്. ഒന്നിച്ച് ഒരേ കട്ടിലിൽ ഉറങ്ങാൻ കിടന്നപ്പോഴും അച്ഛൻ പെട്രോളുമായിട്ടാണ് ഒപ്പമുള്ളതെന്ന് കുട്ടികൾ അറിഞ്ഞില്ല. അർദ്ധരാത്രി നല്ല ഉറക്കമെത്തിയപ്പോഴാണ് വിനോദ് കുട്ടികളുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് കത്തിച്ചതും സ്വയം തീ കൊളുത്തിയതും. എന്തിനായിരുന്നു ഈ ക്രൂരതയെന്നതിന് ആർക്കും ശരിയായ ഉത്തരം കിട്ടിന്നുമില്ല.