 
കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ തേവലപ്പുറം മിനി സ്റ്റേഡിയത്തിന്റെ നിർമ്മാണ ജോലികൾ ഇഴഞ്ഞിഴഞ്ഞ്. കഴിഞ്ഞ നവംബറിലാണ് നിർമ്മാണോദ്ഘാടനം നടത്തിയത്. ഒരു വർഷമെത്തുമ്പോഴും ഏറെ ജോലികൾ ശേഷിക്കുകയാണ്. ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം എന്ന കാഴ്ചപ്പാടിൽ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമഫലമായി അനുവദിച്ച ഒന്നരക്കോടി രൂപ ചെലവിട്ടാണ് തേവലപ്പുറത്ത് സ്റ്റേഡിയം നിർമ്മിക്കുന്നത്. സംസ്ഥാന കായിക വകുപ്പ് എൻജിനീയറിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണം. ആറ് മാസംകൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ചുറ്റുമതിലും ടൊയ്ലറ്റും നിർമ്മിച്ചത് മാത്രമാണ് പ്രധാന നിർമ്മാണം. 1.67 ഏക്കർ ഭൂമി ഇവിടെയുണ്ട്. സ്റ്റേഡിയത്തിന്റെ നടുഭാഗത്താണ് പുറമെ നിന്നുകൊണ്ടുവന്ന മണ്ണിട്ട് കൂനകൾ സൃഷ്ടിച്ചിട്ടുണ്ട്. ഇവ വെട്ടി നിരപ്പാക്കാൻ പോലും നടപടിയുണ്ടാകുന്നില്ല.
മഴപെയ്താൽ ചെളിക്കുണ്ടാകും
രണ്ടര പതിറ്റാണ്ടുമുൻപാണ് തേവലപ്പുറം മൂന്നുമൂർത്തി ക്ഷേത്ര ചിറയുടെ സമീപത്തായി മിനി സ്റ്റേഡിയം നിർമ്മിക്കാൻ ആലോചനകൾ തുടങ്ങിയത്. ഇവിടെ ഇതിനായി സ്ഥലം മാറ്റിയിടുകയും കായിക പരിശീലനങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ മഴപെയ്താൽ ഇവിടം ചെളിക്കുണ്ടാകും. മഴ മാറിയാലും കുറേനാളുകൾ വെള്ളം കെട്ടിനിൽക്കുന്ന സ്ഥിതിയുമാണ്. പഞ്ചായത്തിന്റെ കേരളോത്സവമടക്കം മറ്റിടങ്ങളിൽ വച്ചുനടത്തേണ്ട സ്ഥിതിയുണ്ടായി. ഈ വിഷയങ്ങളെല്ലാം മന്ത്രിയെ നേരിട്ട് ബോദ്ധ്യപ്പെടുത്തിയപ്പോഴാണ് സ്റ്റേഡിയം നിർമ്മിക്കാൻ തുക അനുവദിച്ചത്. അന്നുമുതൽ നാട്ടിലെ കളിക്കാരെല്ലാം വലിയ പ്രതീക്ഷയോടെ കാത്തിരിപ്പിലാണ്. എന്നാൽ നിർമ്മാണ ജോലികൾക്ക് വേഗതയില്ലാത്തത് പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നു.