
കൊല്ലം: മഴ പെയ്താലും പെയ്തൊഴിഞ്ഞാലും നീരാവിൽ അരയന്റെമുക്ക് റോഡിലെ വെള്ളക്കെട്ട് ഒഴിയില്ല. അധികൃതർക്കു മുന്നിൽ പരാതികൾ മലവെള്ളം പോലെ പതിച്ചിട്ടും പരിഹാരമില്ലെന്നാണ് നാട്ടുകാരുടെ പരാതി.
റോഡിൽ അശാസ്ത്രീയമായി ഇന്റർലോക് പാകിയതാണ് വെള്ളക്കെട്ടിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. നാലുവർഷം മുൻപാണ് കല്ലുവെട്ടാംകുഴിയിലേക്ക് പോകുന്ന റോഡിന്റെ കറച്ചുഭാഗം മാത്രം ഇന്റർലോക് പാകിയത്. ബാക്കിഭാഗം ചെയ്യാത്തതിനാൽ റോഡിൽ ഉയരവ്യത്യാസം ഉണ്ടായി. ഇതുകാരണം ചെറിയ മഴപെയ്താൽ പോലും ഇന്റർലോക്ക് ചെയ്യാത്ത ഭാഗത്ത് വെള്ളക്കെട്ടാകുന്ന സ്ഥിതിയായി. നീണ്ടു നിൽക്കുന്ന മഴയാണെങ്കിൽ ദുരിതം ഇരട്ടിയാകും. നിരവധി വാഹനങ്ങളും ആളുകളും കടന്നു പോകുന്ന റോഡാണിത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ചവിട്ടിവേണം കുട്ടികൾ ഉൾപ്പെടെ നടന്നുപോകാൻ.
ദിവസങ്ങളോളം കെട്ടിനിന്ന ശേഷമാവും വെള്ളം ഒഴിയുന്നത്. ടാറിളകി കുഴികൾ രൂപപ്പെട്ടിട്ടുള്ള ഭാഗത്ത് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. റോഡിന്റെ ശോചനീയാവസ്ഥയും വെള്ളക്കെട്ടും മൂലം കാൽനട യാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരടക്കമുള്ളവരും ബുദ്ധിമുട്ടുകയാണ്. ഹോട്ടലുകൾ, വർക്ക്ഷോപ്പ് തുടങ്ങിയ സ്ഥാപനങ്ങളും റോഡരികിൽ പ്രവർത്തിക്കുന്നുണ്ട്. കടവൂർ ഭാഗത്തേക്കും നീരാവിൽ സ്കൂളിലേക്കും മറ്റും പോകാൻ കൂടുതലായി ആളുകൾ ഉപയോഗിക്കുന്ന ഈ റോഡിന്റെ അപകതകൾ എത്രയും വേഗം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മലിനജലം, പകർച്ചവ്യാധി
മാലിന്യം ഉൾപ്പെടെയുള്ള വെള്ളമാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. ഈ വെള്ളം സമീപത്തെ വീടുകളിലേക്കുമെത്തും. ഇതിലൂടെ നടക്കുമ്പോൾ ചൊറിച്ചിൽ ർൾപ്പെടെ അനുഭവപ്പെടാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. വെള്ളത്തിൽ നിറയെ കുത്താടികളുമുണ്ട്. പ്രദേശത്ത് കൊതുകുശല്യവും രൂക്ഷമാണ്.
വെള്ളക്കെട്ട് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതൊന്നുമല്ല. ദിവസങ്ങൾ എടുത്താലും വെള്ളം വലിയാൻ ബുദ്ധിമുട്ടാണ്
സുനിൽ, പ്രദേശവാസ
അഞ്ചാലുംമൂട്-തൃക്കടവൂർ സോണൽ ഓഫീസിൽ നിന്ന് ഓവർസിയറും മറ്റ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചിരുന്നു. വെള്ളക്കെട്ടിന് ഉടൻ തന്നെ പരിഹാരം ഉണ്ടാക്കും
എൽ.സിന്ധുറാണി, കൗൺസിലർ, നീരാവിൽ ഡിവിഷൻ