 
പുനലൂർ: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി അത്യാധുനിക സൗകര്യങ്ങളോടെ പുനലൂർ റെയിൽവെ സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നു. അതിന്റെ മുന്നോടിയായി നിലവിലെ സ്റ്റേഷന്റെ പോർച്ച് ഇടിച്ച് മാറ്റി. രാജ്യത്ത് ആയിരം ചെറിയ റെയിൽവെ സ്റ്റേഷനുകളെ അമൃത് ഭാരത് പദ്ധയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നുണ്ട്. 2002ൽ മുൻ കേന്ദ്ര റെയിൽവേ സഹ മന്ത്രിയായിരുന്ന ഒ.രാജഗോപാലായിരുന്നു നിലവിലെ പ്രധാന കവാടം നാടിന് സമർപ്പിച്ചത്.
നിർമ്മാണ ജോലികൾക്കായി സ്റ്റേഷന്റെ പ്രധാന കവാടം അടച്ചതിനെ തുടർന്ന് യാത്രക്കാർക്ക് റെയിൽവേ പൊലീസ് സ്റ്റേഷന് എതിർ വശത്ത് കൂടി ഒന്നാം പ്ലാറ്റ് ഫോമിലും ടിക്കറ്റ് കൗണ്ടറിലും എത്താനുള്ള സൗകര്യം അധികൃതർ സജ്ജമാക്കിയിട്ടുണ്ട്.
അസൗകര്യങ്ങളിൽ നിന്ന് മോചനം
കൊല്ലത്തിനും തെങ്കാശിക്കും മദ്ധ്യേ നിരവധി റെയിൽവ സ്റ്റേഷനുകൾ ഉണ്ടെങ്കിലും അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മാണം ആരംഭിച്ച ഏക റെയിൽവേ സ്റ്റേഷനാണ് പുനലൂർ. ശബരിമല തീർത്ഥാട കാലയളവിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് അയ്യപ്പഭക്തർ പുനലൂർ വഴി ദർശനത്തിന് എത്തും. ഇത് കണക്കിലെടുത്താണ് പുനലൂർ റെയിൽവേ സ്റ്റേഷനെ അമൃത് ഭാരത് പദ്ധതിൽ ഉൾപ്പെടുത്തി നവീകരണ ജോലികൾ ആരംഭിച്ചിരിക്കുന്നത്. നിലവിൽ യാത്രക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയ സൗകര്യങ്ങളോ, മറ്റ് അടിസ്ഥാന സൗകര്യങ്ങളോ സ്റ്റേഷനിൽ ഒരുക്കിയിട്ടില്ല. ഇതുവഴിയുള്ള കൊല്ലം- തിരുനെൽവേലി റൂട്ടിൽ പാലക്കാട് പാലരുവി, ഗുരുവായൂർ, മധുര, എഗ്മോർ തുടങ്ങിയ നിരവധി ദീർഘദൂര ഇലട്രിക് ട്രെയിൻ സർവീസുകൾക്ക് പുനലൂർ സ്റ്റേഷനിൽ സ്റ്റോപ്പുള്ളതുകൊണ്ട് യാത്രക്കാരുടെ തിരക്കും വർദ്ധിച്ചിട്ടുണ്ട്. എന്നാൽ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് മതിയായ അടിസ്ഥാന സൗകര്യം ഒരുക്കി നൽകാനും അധികൃതർക്ക് കഴിഞ്ഞിരുന്നില്ല.