രണ്ടു മക്കൾ ഗുരുതരാവസ്ഥയിൽ

ഓയൂർ: ഓയൂർ റോഡുവിളയിൽ ദേഹത്ത് സ്വയം പെട്രോളൊഴിച്ച പിതാവ്, ഉറങ്ങിക്കിടന്ന മക്കളുടെ ദേഹത്തും പെട്രോളൊഴിച്ച് തീകൊളുത്തി. പിതാവ് മുറിക്കുള്ളിൽത്തന്നെ മരിച്ചുവീണു. ഗുരുതരമായി പൊള്ളലേറ്റ രണ്ടു മക്കൾ തിരുവനന്തപുരം മെഡി. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ.

റോഡുവിള കുണ്ടറമുക്കിൽ കൃഷ്ണവിലാസത്തിൽ വിനോദാണ് (47) മരിച്ചത്. മക്കൾ മിഥുൻ (18), വിസ്മയ (13) എന്നിവർ ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല. ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. വിനോദിന്റെ ഭാര്യ സി​നി​ജകുമാരി​ 8 മാസം മുൻപ് ക്യാൻസർ ബാധിച്ച് മരണമടഞ്ഞിരുന്നു. തുടർന്ന് ഏതാനും ദിവസങ്ങൾക്കകം അച്ഛൻ ശശിധരൻ ഉണ്ണിത്താനും മരിച്ചു. ഇതോടെ വിനോദ് മാനസികമായി തളർന്ന നിലയിലായിരുന്നു. ഇതിനിടെ വിനോദും പലവിധ രോഗങ്ങൾക്കടിമയായി. സി​നി​ജ കുമാരി​യുടെ മരണ ശേഷം മൂവരും ഒരു മുറിയിലാണ് രാത്രി ഉറങ്ങിയിരുന്നത്. മറ്റൊരു മുറിയിൽ മാതാവ് വസന്തകുമാരിയും ഉണ്ടായിരുന്നു. മക്കൾ ഉറങ്ങിയ ശേഷം മുറി അകത്ത് നിന്നു കൊളുത്തിട്ട് അടച്ചിട്ടാണ്, വിനോദ് നേരത്തെ കരുതിയിരുന്ന പെട്രോൾ സ്വന്തം ദേഹത്തും മക്കളുടെ ദേഹത്തേക്കും ഒഴിച്ച് തീകൊളുത്തിയത്. കട്ടിലിലും ശരീരത്തും തീ ആളിപ്പടർന്നതോടെ കുട്ടികൾ ചാടിയെഴുന്നേറ്റ് നിലവിളിച്ചു. മിഥുൻ കതക് തുറന്ന് വിസ്മയയെ പുറത്തേക്ക് വലിച്ചിറക്കി. തുടർന്ന് ഇരുവരും ഹാളിനുള്ളിൽ ഉറക്കെ നിലവിളിച്ച് തലങ്ങും വിലങ്ങുമോടി. ബഹളം കേട്ട് ഓടിക്കൂടിയ അയൽക്കാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബഹളം കേട്ടാണ് വസന്തകുമാരി മുറിയിൽ നിന്നു പുറത്തിറങ്ങിവന്നത്. ഈ സമയം മുറിക്കുള്ളിൽ തീപിടിച്ച് അനങ്ങാതെ ഇരിക്കുകയായിരുന്ന വിനോദ് അല്പ സമയത്തിനകം പിന്നിലേക്ക് മറിഞ്ഞു. പഞ്ചായത്ത് മെമ്പറടക്കം എത്തി ആംബുലൻസ് വരുത്തിയാണ് മൂന്നുപേരെയും ആദ്യം പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തുടർന്ന് കുട്ടികളെ തിരു. മെഡി ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ പത്തിന് വിനോദ് മരിച്ചു. സംസ്കാരം പിന്നീട്. ഓട്ടോറിക്ഷ ഡ്രൈവറാണ് വിനോദ്. പൂയപ്പള്ളി പൊലീസ് കേസെടുത്തു.