കൊല്ലം: തത്വചിന്ത നിരുത്തരവാദപരമായ തീരുമാനത്തിലേക്ക് നയിക്കുന്നത് അംഗീകരിക്കാനാവി​ല്ലെന്ന് സ്വാമി​ അദ്ധ്യാത്മാനന്ദ പറഞ്ഞു. ആശ്രാമം ശ്രീനാരായണ സമുച്ചയത്തി​ൽ വ്യാസപ്രസാദം 24 വേദി​യി​ൽ ഏഴാംദി​ന പ്രഭാഷണം നടത്തുകയായി​രുന്നു അദ്ദേഹം.

ദുര്യോധനന്റെ ദുഷ്ചെയ്തികൾക്ക് ശക്തമായ ഭാഷയിൽ തിരിച്ചടി നൽകാൻ കുരുക്ഷേത്ര ഭൂമിയിൽ അവസരമുണ്ടായി​രുന്നു. ധീരതയോടെ സൈന്യ നിരീക്ഷണം ചെയ്യാൻ അർജുനൻ തയ്യാറായി. എന്നാൽ ഭീഷ്മ ദ്രോണാദികളെ കണ്ടതും ആകെ വിഷാദാവസ്ഥയിലായി. യുദ്ധം കടുത്ത അനീതിയാണ് സമ്മാനിക്കുക എന്ന ന്യായവാദം ഉന്നയിക്കുന്നു. ദുര്യോധനനും കൂട്ടരും നിശ്ചയമായും വധാർഹരാണെന്നറിഞ്ഞിട്ടും അവർക്കെതിരെ പോരാടാൻ വില്ലാളിവീരനായ അർജുനൻ മടിക്കുന്നു. അപകടകരമായ ഉൾവലിവ്, നിഷ്ക്രിയത, അനീതി കാണിക്കാൻ കൂസലില്ലായ്മ ഇതൊന്നും അഭിനന്ദിച്ചു കൂട. പാതി വഴിക്ക് പഠനം ഉപേക്ഷിച്ചു പോകുന്നവരും വിജയിച്ചു മുന്നേറുമ്പോൾ കച്ചവടം നിറുത്തി ഇറങ്ങിപ്പോവുന്നവരും ഉദ്യോഗം വലിച്ചെറിഞ്ഞ് വീട്ടിലിരിക്കുന്നവരും വിവാഹമോചനത്തിന് മുറവിളി കൂട്ടുന്നവരുമൊക്കെ വിഷാദരോഗത്തിന് അടിമപ്പെട്ടവരാവാം. അത് ശരിയായ രീതിയിൽ അഭിസംബോധന ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പ്രഭാഷണ പരമ്പര എന്നും വൈകി​ട്ട് 6 മുതൽ 7 സാംസ്ക്കാരിക സമുച്ചയത്തിലെ മുഖമണ്ഡപത്തിൽ നടക്കും.