സ്റ്റേഷൻ പരിധി താങ്ങാവുന്നതിനപ്പുറം
കൊല്ലം: കരുനാഗപ്ള്ളി പൊലീസ് ഉദ്യോഗസ്ഥർ, തീരദേശത്ത് മത്സ്യത്തൊഴിലാളികളുടെ തർക്കം പരിഹരിക്കുമ്പോഴായിരിക്കും 20 കിലോ മീറ്റർ അപ്പുറമുള്ള ചിറയ്ക്കൽ ക്ഷേത്രത്തിനടുത്ത് സംഘർഷം നടക്കുന്നുവെന്ന വിവരം ലഭിക്കുന്നത്. അവിടെ നിൽക്കുമ്പോൾ, 16 കിലോമീറ്റർ ഇപ്പുറമുള്ള കരുനാഗപ്പള്ളി ജംഗ്ഷനിൽ അടിനടക്കുന്ന വിവരം കിട്ടും. കിലോ മീറ്ററുകളോളം പരന്നുകിടക്കുന്ന സ്റ്റേഷന്റെ പരിധിക്കുള്ളിൽ പരക്കംപാഞ്ഞ് തളരുകയാണ് ഈ സ്റ്റേഷനിലെ പൊലീസുകാർ.
സംസ്ഥാനത്ത് പൊതുവെ രണ്ട് പഞ്ചായത്തുകൾക്ക് ഒരു പൊലീസ് സ്റ്റേഷൻ വീതമുണ്ട്. എന്നാൽ കരുനാഗപ്പള്ളി നഗരസഭ, കുലശേഖരപുരം, തൊടിയൂർ പഞ്ചായത്തുകൾ പൂർണമായും തഴവ പഞ്ചായത്തിന്റെ ഒരു വാർഡ് ഒഴികെയുള്ള പ്രദേശങ്ങളും ആലപ്പാട് പഞ്ചായത്ത് ഭാഗികമായും കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ്. സ്റ്റേഷൻ വിഭജിച്ച് തഴവയിൽ പുതിയ സ്റ്റേഷൻ രൂപീകരിക്കണമെന്ന് ആവശ്യത്തിന് 20 വർഷം പഴക്കമുണ്ടെങ്കിലും ആകെയുള്ള 60 തസ്തികകളിൽ മൂന്ന് എസ്.ഐമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.
ഏറെയുണ്ട് പരാതിക്കാർ
വിസ്തൃതമായ അധികാര പരിധിക്ക് പുറമേ, ഈ പ്രദേശങ്ങളിൽ ജനസാന്ദ്രതയും കൂടുതലായതിനാൽ എല്ലാ ദിവസവും സ്റ്റേഷനിൽ പരാതി നൽകാൻ ജനങ്ങളുടെ ക്യുവാണ്. ഒരു ദിവസം 75 മുതൽ 100 പരാതികൾ വരെയെത്തും. എട്ട് മുതൽ 10 കേസുകൾ വരെ പ്രതിദിനം രജിസ്റ്റർ ചെയ്യും. പോയിന്റ് ഡ്യൂട്ടി, വി.ഐ.പി എസ്കോർട്ട്, പ്രോസസ് ഡ്യൂട്ടി എന്നിവയ്ക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ച് കഴിഞ്ഞാൽ പരാതികളും കേസുകളും അന്വേഷിക്കാൻ ആളില്ലാത്ത അവസ്ഥയാണ്.
തുണ്ടംതുണ്ടമായി സ്റ്റേഷൻ
നേരത്തെ കരുനാഗപ്പള്ളി സ്റ്റേഷനോട് ചേർന്നുള്ള എ.സി.പി ഓഫീസിന്റെ താഴത്തെ നിലയിലാണ് സി.ഐ ഓഫീസ് പ്രവർത്തിച്ചിരുന്നത്. സി.ഐ സ്റ്റേഷൻ മേധാവിയിട്ടും സ്ഥലപരിമിതി കാരണം സ്റ്റേഷനിലേക്ക് ഓഫീസ് മാറ്റിയില്ല. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഒരു വർഷം മുൻപ് കരുനാഗപ്പള്ളി സ്റ്റേഷൻ പൂർണമായും പൊളിച്ചു. ഇതോടെ ഇതേ കോമ്പൗണ്ടിൽ തന്നെ പുതുതായി നിർമ്മിച്ച കൺട്രോൾ റൂം കെട്ടിടത്തിലും ജനമൈത്രി പൊലീസ് കെട്ടിടത്തിലും പല തുണ്ടങ്ങളായാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. പരാതിക്കാർക്ക് ഇരിക്കാനോ വെയിലും മഴയും ഏൽക്കാതെ നിൽക്കാൻ പോലുമോ ഇടമില്ല. ഇതേ കോമ്പൗണ്ടിൽ പുതിയ സ്റ്റേഷന്റെ നിർമ്മാണം ഇഴയുകയാണ്.
അമൃതാനന്ദമയി മഠം സ്റ്റേഷൻ പരിധിയിൽ
 മഠത്തിന് ഇസഡ് പ്ലസ് സുരക്ഷ
 നിരവധി പ്രശ്നബാധിത മേഖലകൾ
 വേണ്ടത് 100 ഉദ്യോഗസ്ഥർ
 ഉള്ളത് 60 തസ്തിക
 മൂന്ന് എസ്.ഐ തസ്തിക കാലി
 പുരുഷ പൊലീസുകാർക്ക് റെസ്റ്റ് റൂമില്ല
 യൂണിഫോം മാറുന്നത് ഓഫീസ് മുറിയിൽ
ലേഖകന്റെ ഫോൺ: 9633583752