കൊല്ലം: വാടിയി​ലും കൊല്ലം പോർട്ട് മുതൽ തങ്കശേരി വരെയുമുള്ള തീര മേഖലയി​ൽ കുന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം നീക്കം ചെയ്യുന്നതി​ന്റെ ഭാഗമായി​ ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, ഹാർബർ എൻജിനിയറിംഗ് വകുപ്പ് എന്നിവയിലെ ഉന്നതസംഘം ഏതാനും ദി​വസത്തി​നകം പ്രദേശങ്ങൾ സന്ദർശി​ക്കും. ഇവർ തയ്യാറാക്കുന്ന റി​പ്പോർട്ടി​ന്റെ അടി​സ്ഥാനത്തി​ലാവും അന്തി​മ തീരുമാനം.

കുന്നുകൂടി കിടക്കുന്ന മാലിന്യത്തിന്റെ വലിയൊരു ഭാഗവും പുനരുപയോഗിക്കാൻ കഴിയാത്തതാണ്. അതി​നാലാണ് ക്ലീൻ കേരള കമ്പനി ഏറ്റെടുക്കുന്നത്. നിലവിൽ ഹരിത കർമ്മസേന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യത്തിൽ പുനരുപയോഗിക്കാൻ കഴിയാത്തവ സിമന്റ് കമ്പനികൾക്ക് ഇന്ധനത്തിനായി കൈമാറുകയാണ്. കൊല്ലം തീരത്തെ മാലിന്യവും ഇത്തരത്തിൽ കൈമാറാനാണ് ആലോചന.

പ്ലാസ്റ്റിക്, സാനിട്ടറി പാഡുകൾ, സിറിഞ്ചും മരുന്ന് കുപ്പികളും അടക്കമുള്ള ആശുപത്രി മാലിന്യം എന്നിവയ്ക്ക് പുറമേ ഹോട്ടലുകളിലെയും വീടുകളിലെയും ഭക്ഷണാവശിഷ്ടങ്ങളുമുണ്ട് ഇവി​ടങ്ങളി​ലെ മാലി​ന്യ കൂമ്പാരത്തി​ൽ. ദൂരെ സ്ഥലങ്ങളിൽ നിന്ന് വാഹനങ്ങളിലും മാലിന്യം കൊണ്ടുവരും. കൊതുക് അടക്കമുള്ള പ്രാണികൾ പെറ്റുപെരുകുന്നതിന് പുറമെ എലികളും താവളമാക്കിയതിനാൽ ഗുരുതരമായ പകർച്ചാവ്യാധി ഭീഷണിയി​ലാണ് പ്രദേശങ്ങൾ. മാലിന്യം ചീഞ്ഞഴുകിയുള്ള അസഹ്യമായ ദുർഗന്ധം കാരണം മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ശ്വാസംമുട്ടുന്ന സാഹചര്യമായി​.

മാലിന്യം ഇളക്കിമറിച്ച് ഉണങ്ങണം

 ജൈവമാലിന്യം പോകാൻ മഴ നനയണം
 ഒരു കിലോ നീക്കാൻ 10 രൂപ ചെലവ്

 കുന്നുകൂടിക്കിടക്കുന്നത് 900 ടൺ മാലിന്യം
 നേരത്തെ രണ്ട് തവണ ക്ലീൻ കേരള കമ്പനി നീക്കി
 ആകെ നീക്കിയത് 500 ടൺ മാലിന്യം

ഉന്നതസംഘം സ്ഥലം സന്ദർശിച്ച് ഇവിടെ വീണ്ടും മാലിന്യം നിക്ഷേപിക്കുന്നത് ഒഴിവാക്കാനുള്ള നടപടികളെക്കുറിച്ച് ആലോചിക്കും. അതിന് ശേഷം ഇപ്പോൾ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിന്റെ ചെലവിന്റെ കാര്യത്തിലും ധാരണയാകേണ്ടതുണ്ട്

ക്ലീൻ കേരള കമ്പനി അധികൃതർ