 
അഞ്ചാലുംമൂട്: ദിനംപ്രതി നൂറുകണക്കിനാളുകൾ കടന്നു പോകുന്ന കടവൂർ റേഷൻകട മുക്കിൽ നിന്ന് (കളിയിട്ടകട) കൊയ്പ്പള്ളിയിലേക്കുള്ള റോഡ് തകർന്ന് മാസങ്ങളായിട്ടും നടപടിയില്ല. കോർപ്പറേഷന്റെ അധീനതയിലുള്ള റോഡാണിത്.
റോഡിൽ പലേടത്തും ടാർ കാണാനാകാത്ത നിലയിലാണ്. റോഡിലെ കുഴികളിൽ വീണ് സ്ത്രീകളടക്കം നിരവധി ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നത്. കിഴക്കേക്കര പള്ളിയിലേക്കും കടവൂർ ജംഗ്ഷനിലേക്കും ഷാപ്പ് മുക്ക് ജംഗ്ഷനിലേക്കും ബൈപ്പാസിലേക്കും പോകാനുപയോഗിക്കുന്ന റോഡാണിത്. സമീപത്തെ സ്‌കൂളിലേക്ക് വിദ്യാർത്ഥികളെ ഓട്ടോയിലും സ്‌കൂൾ ബസിലും ഈ തകർന്ന റോഡിലൂടെ കൊണ്ടുപോകേണ്ട സ്ഥിതിയാണ്. പലപ്പോഴും കാൽനട യാത്രപോലും അസാദ്ധ്യമാണ്. മഴക്കാലത്ത് റോഡിലെ കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നതിനാലും വാഹനാപകടങ്ങൾ ഉണ്ടാവാറുണ്ട്. ഓട്ടോറിക്ഷകൾക്ക് ഇതുവഴി കടന്നു പോകാനാവാത്ത അവസ്ഥയാണുള്ളത്.
അത്യാസന നിലയിലുള്ള രോഗികളുമായി ഈ റോഡിലൂടെ പോയാൽ സ്ഥിതി രൂക്ഷമാകുമെന്ന് പ്രദേശവാസികൾ പറയുന്നു. നിരവധി തവണ കോർപ്പറേഷൻ അധികൃതരോട് പരാതി പറഞ്ഞിട്ടും യാതൊരു പരിഹാര മാർഗ്ഗവും ഉണ്ടായില്ല. രാത്രിയിലാണ് ദുരിതമേറുന്നത്. ചെറിയ കുഴികളിൽ പലതും ഗർത്തങ്ങളായി മാറി.
റേഷൻകടയ്ക്ക് സമീപത്ത് നിന്ന് കൊയ്പ്പള്ളി വഴി ഷാപ്പ്മുക്ക് ജംഗ്ഷന് താഴെവരെയുള്ള റോഡിന്റെ ടാറിംഗിനുള്ള ടെണ്ടർ നടപടികൾ അവസാന ഘട്ടത്തിലാണ്. കോർപ്പറേഷന്റെ 2024-25 പദ്ധതി പ്രകാരമാണ് ടാർ ചെയ്യുന്നത്. ജനുവരി ആദ്യത്തോടെ ടാറിംഗ് പൂർത്തിയാക്കും
കോർപ്പറേഷൻ അധികൃതർ