കൊല്ലം: ദേശീയ ജലപാതയുടെ ഭാഗമായ കൊല്ലം തോടിന്റെ, മുണ്ടയ്‌ക്കൽ കൊണ്ടേത്ത് പാലം മുതൽ കച്ചിക്കടവ് വരെയുള്ള തടങ്ങളിൽ മാലിന്യം വലിച്ചെറിയൽ വ്യാപകമാകുന്നു. 23,000 കോടിയുടെ കോവളം- ബേക്കൽ ദേശീയ ജലപാതയുടെ നവീകണം ഒരു ഭാഗത്ത് പുരോഗമിക്കുമ്പോഴാണ്, താമസക്കാരെ ഒഴിപ്പിച്ചു പുനരധിവസിപ്പിച്ച തോടിന്റെ ഭാഗങ്ങൾ മാലിന്യ കൂമ്പാരമാകുന്നത്.

ഇവിടെ തോടിനോട് ചേർന്ന് അധികം വീടുകളില്ല.രാത്രിയിൽ പുറത്ത് നിന്നുള്ളവർ വലിയ തോതിൽ മാലിന്യം വലിച്ചെറിയുന്നുണ്ട്. കോർപ്പറേഷൻ ആരോഗ്യ വിഭാഗവും പൊലീസും ജാഗ്രത പുലർത്തുന്നില്ലെന്നാണ് നാട്ടുകാർ കുറ്റപ്പെടുത്തുന്നത്.

നേരത്തെ മാലിന്യം കൊണ്ട് പൊറുതി മുട്ടിയിരുന്ന കൊല്ലം തോട് വൃത്തിയാക്കിയതും കരയിലെ അനധികൃത താമസക്കാരെ ഒഴിപ്പിച്ച് പുനരധിവസിപ്പിച്ചതും പഴങ്കഥയാവുന്ന അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.