കൊല്ലം: കോടതി നിർദ്ദേശത്തെ തുടർന്ന് ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്തതോടെ, ഭാര്യയ്ക്കും മക്കൾക്കും വൃദ്ധ മാതാവിനുമൊപ്പം കശുഅണ്ടി വ്യവസായി പെരുവഴിയിലായി. കൊല്ലം ബെൻസിഗർ ആശുപത്രിക്ക് സമീപം നിയാസ് മൻസിലിൽ എ. നിയാസിന്റെ രണ്ട് നില വീടാണ് കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മിഷന്റെ സാന്നിദ്ധ്യത്തിൽ ബാങ്ക് അധികൃതർ ജപ്തി ചെയ്തത്. വീട് തങ്ങളുടെ കൈവശത്തിലാണെന്ന നോട്ടീസും പതിച്ചു.
പ്രായമായ ഉമ്മയ്ക്ക് പുറമേ അതേ പ്രായക്കാരായ രണ്ട് അടുത്ത ബന്ധുക്കളും നിയാസിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഒറ്റത്തവണ തീർപ്പാക്കലിന്റെ ഭാഗമായുള്ള പത്ത് ശതമാനം തുക ഇന്നലെ അടയ്ക്കാമെന്ന് നിയാസ് പറഞ്ഞെങ്കിലും കോടതി ഉത്തരവുള്ളതിനാൽ ബാങ്ക് അധികൃതർ വഴങ്ങിയില്ല. കയറിക്കിടക്കാൻ വേറേയിടമില്ലാത്ത തനിക്ക് ബന്ധുക്കളുടെ വീട് മാത്രമാണ് ആശ്രയമെന്ന് നിയാസ് പറഞ്ഞു.
വായ്പ ഇടപാടിനെക്കുറിച്ച് നിയാസ് പറയുന്നതിങ്ങനെ: രണ്ട് കശുഅണ്ടി ഫാക്ടറികളുടെ നടത്തിപ്പിനായി 2019ൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഹൗസിംഗ് ഫിനാൻസ് വിഭാഗത്തിൽ നിന്ന് പ്രോപ്പർട്ടി വായ്പയായി 1.30 കോടിയെടുത്തു.40 ലക്ഷം രൂപയേ അടയ്ക്കാനുള്ളു. ഒറ്റത്തവണ തീർപ്പാക്കൽ പ്രകാരം അടുത്തിടെ 1.15 കോടിക്ക് വായ്പ തീർപ്പാക്കാൻ ധാരണയായിരുന്നു. ഇതിന്റെ പത്ത് ശതമാനമായ 11.5 ലക്ഷം രൂപ, ബാങ്ക് അനുവദിച്ച സമയപരിധിയായ ഈമാസം 18നുള്ളിൽ അടയ്ക്കാനായില്ല. അല്പം സാവകാശം കൂടി ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അധികൃതർ വഴങ്ങിയില്ല.
പ്രതിഷേധിച്ച് വ്യവസായികൾ
ജപ്തി നടപടിക്കെതിരെ കശുഅണ്ടി വ്യവസായികൾ നിയാസിന്റെ വീടിന് മുന്നിൽ സംഘടിച്ചു. രണ്ട് മണിയോടെ തടിച്ചുകൂടിയ വ്യവസായികളെ കൂടുതൽ പൊലീസ് സംഘമെത്തി ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.
പൊലീസ് സഹായത്തോടെ വീട് ജപ്തി ചെയ്യാനുള്ള കോടതി ഉത്തരവുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടിയാണ് സ്വീകരിച്ചത്. വായ്പക്കാരന് മൂന്ന് തവണ സാവകാശം നൽകി. പലിശ സഹിതം 1.90 കോടി കുടിശ്ശികയുണ്ട്. അഞ്ച് വർഷമായി യാതൊരു തിരിച്ചടവുമുണ്ടായില്ല. മൂന്നമാസത്തിനകം ഒറ്റത്തവണയായി തീർപ്പാക്കാൻ അവസരം നൽകും
ബാങ്ക് അധികൃതർ