കൊല്ലം: ജില്ലയിലെ സി.പി.എം ലോക്കൽ സമ്മേളനങ്ങളിൽ വിഭാഗീയത തലപൊക്കിയ സാഹചര്യത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിദ്ധ്യത്തിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റിയോഗങ്ങൾ ഇന്ന് ചേരും. തുടർന്ന് രാവിലെ 11.30ന് നടക്കുന്ന, വിഭാഗീയത രൂക്ഷമായ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി യോഗത്തിലും സെക്രട്ടറി പങ്കെടുക്കും.
വിഭാഗീയത കാരണം ലോക്കൽ സമ്മേളനങ്ങൾ സസ്പെൻഡ് ചെയ്യുന്ന സാഹചര്യം, സംസ്ഥാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കേണ്ട ജില്ലയിലെ സമ്മേളന ഷെഡ്യൂളുകളെ ബാധിക്കുമെന്ന ആശങ്കയുണ്ട്. കരുനാഗപ്പള്ളി മോഡലിൽ ചേരിതിരിഞ്ഞുള്ള മത്സരം മറ്റ് ഏരിയകളിലെ ലോക്കൽ സമ്മേളനങ്ങളിൽ വ്യാപിക്കുന്നത് തടയുക എന്ന ലക്ഷ്യവും സംസ്ഥാന സെക്രട്ടറി നേരിട്ട് എത്തുന്നതിന് പിന്നിലുണ്ട്. എന്നാൽ സമ്മേളനങ്ങളുടെ പുരോഗതി വിലയിരുത്താൻ മാത്രമാണ് സംസ്ഥാന സെക്രട്ടറി പങ്കെടുക്കുന്നതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.
 കരുനാഗപ്പള്ളിയിൽ നിന്നു പരാതി പ്രവാഹം
ഔദ്യോഗിക പാനലിനെതിരെ മത്സരത്തിനുള്ള ശ്രമം സംഘർഷത്തിലേക്ക് നീങ്ങിയെന്ന പേരിൽ കരനാഗപ്പള്ളി ഏരിയയ്ക്ക് കീഴിലെ കല്ലേലിഭാഗം ലോക്കൽസമ്മേളനം സസ്പെൻഡ് ചെയ്തിരുന്നു. തൊടിയൂർ ലോക്കൽ സമ്മേളനത്തിലും മത്സരാന്തരീക്ഷമുണ്ടായി. ആലപ്പാട് ലോക്കൽ സമ്മേളനത്തിൽ അഞ്ച് പേർ ഔദ്യോഗിക പാനലിനെതിരെ മത്സരരംഗത്തെത്തി. നേതൃത്വം ഇടപെട്ടതോടെ മൂന്ന് പേർ പിന്മാറിയെങ്കിലും രണ്ട് പേർ മത്സരിച്ചു. ഇതിന് പുറമേ ഏരിയയിൽ 18 ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാകാനുമുണ്ട്. സമ്മേളനങ്ങളിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയിലെ ഇരുപക്ഷങ്ങളും എം.വി. ഗോവിന്ദന് പരാതി നൽകിയിരുന്നു. ഇതിലെ ശരിതെറ്റുകൾ പരിശോധിച്ച് കർശനമായ താക്കീത് നൽകാനാണ് സെക്രട്ടറി നേരിട്ടെത്തുന്നതെന്നാണ് സൂചന.