photo
വി. മിഥുൻ

കൊല്ലം: ഓയൂർ റോഡുവിളയിൽ ഉറങ്ങിക്കിടന്ന മക്കളുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചശേഷം അച്ഛൻ ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതരാവസ്ഥയിലായിരുന്ന മകനും മരിച്ചു. റോഡുവിള കുണ്ടറമുക്കിൽ കൃഷ്ണവിലാസത്തിൽ വിനോദിന്റെ മകൻ വി.മിഥുനാണ് (19) ഇന്നലെ പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. അനുജത്തി വിസ്മയ (13) ഇപ്പോഴും ഗുരുതരാവസ്ഥയിൽ മെഡി. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.

ശനിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. മക്കളുമൊന്നിച്ച് ഒരു മുറിയിൽ രാത്രി ഉറങ്ങിയിരുന്ന വിനോദ് സംഭവ ദിവസം കുട്ടികൾ ഉറങ്ങിക്കഴിഞ്ഞപ്പോഴാണ് പെട്രോൾ ഒഴിച്ച് സ്വന്തം ദേഹത്തും കുട്ടികളുടെ ദേഹത്തും തീ കൊളുത്തിയത്. ഞായറാഴ്ച രാവിലെ ആശുപത്രിയിൽ വച്ച് വിനോദ് മരിച്ചു. മിഥുനും വിസ്മയയും സാരമായി പൊള്ളലേറ്റതിനാൽ ഗുരുതരാവസ്ഥയിലായിരുന്നു. ചന്ദനത്തോപ്പ് ഐ.ടി.ഐയിലെ വിദ്യാർത്ഥിയാണ് മിഥുൻ. വിനോദിന്റെയും മിഥുന്റെയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. സംസ്കാരം ഇന്നു രാവിലെ 11ന്.