 
കൊല്ലം: വൃശ്ചികോത്സവത്തോടനുബന്ധിച്ച് പൊന്മന കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ നിർമ്മിക്കുന്ന കൂറ്റൻ അലങ്കാര ഗോപുരത്തിന്റെ കാൽനാട്ടുകർമ്മം നടന്നു. ക്ഷേത്രം മേൽശാന്തി വിനോദിന്റെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രം പ്രസിഡന്റ്" അനിൽ ജോയ്, സെക്രട്ടറി പി.സജി, ഖജാൻജി ആർ.സത്യനേശൻ, ഭരണ സമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് അലങ്കാര ഗോപുരത്തിന്റെ കാൽനാട്ടുകർമ്മം നിർവഹിച്ചത്.
നവംബർ 16 മുതൽ 27 വരെയാണ് വൃശ്ചികോത്സവം. ഉത്സവത്തോടനുബന്ധിച്ച് 12 ദിവസം ഭജനം പാർക്കുന്ന ഭക്തർക്കായി, ഈ വർഷം 1000 കുടിലുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ക്ഷേത്രപരിസരത്ത് നടന്നുകൊണ്ടിരിക്കുകയാണ്. അഭീഷ്‌ഠകാര്യ സിദ്ധിയ്ക്കായി 12 ദിവസം ഭക്തിയോടെ കുടിലുകളിൽ ഭജനം ഇരിക്കുക എന്നത് ഇവിടുത്തെ ഏറ്റവും പ്രസിദ്ധമായ നേർച്ച വഴിപാടാണ്. കുടിലുകൾ ഭക്തർക്ക് നേരിട്ടെത്തി ബുക്ക് ചെയ്യാവുന്നതാണ്. മണികെട്ടമ്പലം എന്നറിയപ്പെടുന്ന ഈ മഹാ ക്ഷേത്രത്തിൽ ഓരോ വർഷവും വൃശ്ചികോത്സവത്തോടനുബന്ധിച്ച് ലക്ഷക്കണക്കിന് ഭക്തരാണ് എത്താറുള്ളത്.