 
കൊട്ടാരക്കര : അതിദരിദ്ര പട്ടികയിലുള്ളവർക്ക് ക്ഷീര വികസന വകുപ്പ് നൽകുന്ന പശുവിതരണം വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ളോക്കിലെ മേലില ഗ്രാമ പഞ്ചായത്തിൽ ലക്ഷ്മി വിളാകത്ത് വീട്ടിൽ ശോഭനയ്ക്കാണ് ആദ്യ പശുവിനെ നൽകിയത്. ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് ക്ഷീരവികസന വകുപ്പ് സംസ്ഥാനത്ത് 140 പശുക്കളെ നൽകുന്നുണ്ട്. നൂറ് ശതമാനം സബ്സിഡിയോടെ നൽകുന്ന പദ്ധതിപ്രകാരം കറവപ്പശുക്കളെ ജില്ലയ്ക്ക് അകത്തുനിന്ന് വാങ്ങാൻ പറ്റും. ധനകാര്യ- ക്ഷീര സംഘങ്ങളിൽ നിന്ന് വായ്പയും ലഭ്യമാക്കും. പശുവിതരണ ചടങ്ങിൽ ബ്ളോക്ക് പഞ്ചായത്ത് മെമ്പർ എസ്.അനിൽകുമാർ, ക്ഷീരവികസന ഓഫീസർ അശ്വതി.എസ്.നായർ, എസ്.സുധീഷ് കുമാർ, വർഗീസ് മൈക്കിൾ, രാജേഷ് എന്നിവർ പങ്കെടുത്തു.