കൊല്ലം: മിൽമയും കേരള ഫീഡ്‌സും കറവപ്പശുക്കൾക്ക് 50 ശതമാനം സബ്സിഡി നിരക്കിലും പശുക്കുട്ടികൾക്ക് സൗജന്യ നിരക്കിലും കാലിത്തീറ്റ ലഭ്യമാക്കണമെന്ന് കേരള ക്ഷീരകർഷക കോൺഗ്രസ്‌ (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ്‌ കെ.സി. രാജൻ, ജനറൽ സെക്രട്ടറി തൊടിയൂർ വിജയൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഇങ്ങനെ സബ്‌സിഡി നൽകുമ്പോൾ മിൽമയ്ക്കും കേരള ഫീഡ്‌സിനും ഉണ്ടാകുന്ന അധിക ചെലവ് സർക്കാർ നൽകണം. കാലിത്തീറ്റയുടെ വൻ വിലവർദ്ധനവ് ക്ഷീരകർഷകരെ വല്ലാതെ കുഴക്കുന്നത്. മിൽമയും ക്ഷീരവികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരളാ ഫീഡ്‌സും മത്സരിച്ച് അമിതമായി വില വർദ്ധിപ്പിക്കുകയാണ്.

മിൽമ ഗോൾഡ് കാലിത്തീറ്റയ്ക്ക് 50 കിലോ ചാക്ക് ഒന്നിന് 1550 രൂപയും കേരള ഫീഡ്സ് എലൈറ്റ് കാലിത്തീറ്റയ്ക്ക് 1520 രൂപയുമാണ്. എന്നാൽ സമയം സ്വകാര്യ കമ്പനിയായ കെ.എസ്‌ കാലിത്തീറ്റയ്ക്ക് 1350 രൂപയാണ്. ഇതിനാൽ കർഷകർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് കെ.എസ്‌ കാലിത്തീറ്റയാണ്. രണ്ടുവർഷം സംസ്ഥാനത്തെ മുഴുവൻ പശുക്കുട്ടികൾക്കും സൗജന്യ നിരക്കിൽ തീറ്റ ലഭ്യമാക്കാനുള്ള നടപടി സ്വീകരി​ക്കണമെന്നും ഇരുവരും പറഞ്ഞു.