കൊല്ലം: കോൺട്രാക്ട് ലോറികളിലെ ഡ്രൈവർമാരുടെയും അറ്റൻഡർമാരുടെയും സമരത്തെ തുടർന്ന് മിൽമ കൊല്ലം ഡയറിയിൽ ഇന്നലെ രാവിലെ 11 മണിക്കുള്ള രണ്ടാം ഷിഫ്റ്റിലെ 75,000 ലിറ്റർ പാൽ വിതരണം മുടങ്ങി. സാമ്പത്തികാപഹരണം കണ്ടെത്തിയതിനെ തുടർന്ന് മാറ്റിനിറുത്തിയ തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു, ബി.എം.എസ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം. പാൽ കോൾഡ് സ്റ്റോറേജിലേക്ക് മാറ്റിയെന്നും നശിക്കില്ലെന്നും മിൽമ അധികൃതർ പറഞ്ഞു.
ഇന്നലെ പുലർച്ചെയുള്ള പാൽ വിതരണത്തിന് ശേഷമാണ് സമരം ആരംഭിച്ചത്. 11 മണിക്കുള്ള ഷിഫ്റ്റിലെ 11 ലോറികളിലെ തൊഴിലാളികളാണ് സമരം നടത്തിയത്. കേരളപുരം റൂട്ടിലെ ചില ലോറികളിലെ ജീവനക്കാർ ഏജന്റുമാർ നൽകിയ പണം കൊല്ലം ഡയറിയിൽ അടയ്ക്കാതെ കൈവശപ്പെടുത്തിയിരുന്നു. പണം നൽകാത്ത ഏജന്റുമാർക്കുള്ള പാൽ വിതരണം മിൽമ നിറുത്താൻ ഒരുങ്ങിയതോടെയാണ് ലോറിയിലെ ജീവനക്കാർ 27,000 രൂപ ഇവരിൽ നിന്ന് വാങ്ങിയെന്ന വിവരം പുറത്തുവന്നതെന്ന് മിൽമ അധികൃതർ പറയുന്നു. ഇതോടെ കൊല്ലം വെസ്റ്റ് പൊലീസിന് നൽകിയ പരാതിയിൽ ഒരു തൊഴിലാളിയെ റിമാൻഡ് ചെയ്തു.
തൊഴിലാളികൾക്കെതിരെ നൽകിയ പണം തട്ടൽ കേസ് പിൻവലിക്കണമെന്നും കുറ്റം കണ്ടെത്തിയതിനെ തുടർന്ന് ജോലിയിൽ നിന്നു മാറ്റി നിറുത്തിയവരെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടാണ് യൂണിയനുകളുടെ സമരമെന്നും മിൽമ അധികൃതർ പറഞ്ഞു. അപഹരിച്ച പണവും പിഴയും അടച്ചാൽ കേസ് പിൻവലിക്കാമെന്ന് മിൽമ അധികൃതർ പറഞ്ഞു. പണം തട്ടിയവരെ തിരിച്ചെടുക്കാനാവില്ലെന്ന നിലപാടിനെതിരെയാണ് സമരമെന്നും മിൽമ കൊല്ലം ഡയറിയുടെ പത്രക്കുറിപ്പിൽ പറയുന്നു. പുലർച്ചെ രണ്ടിന് ആരംഭിക്കുന്ന ഇന്നത്തെ ആദ്യ ഷിഫ്റ്റിലെ പാൽ വിതരണം തടസപ്പെടുത്തില്ലെന്ന് യൂണിയൻ നേതാക്കൾ ലേബർ ഓഫീസർക്ക് ഉറപ്പുനൽകിയിട്ടുണ്ട്. പ്രശ്നം 28ന് ജില്ലയിൽ നിന്നുള്ള മിൽമ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.