d
ഊന്നിൻമൂട്ടിലെ അപ്ഹോൾസ്റ്ററി കടയിലേക്ക് കാർ ഇടിച്ചുകയറിയ നിലയിൽ

കൊല്ലം: ഊന്നിൻമൂട്ടിൽ കാർ അപ്ഹോൾസറി കടയിലേക്ക് ഇടിച്ചുകയറി, കടയുടെ നടത്തിപ്പുകാരനായ നടയറ തെക്കതിൽ വീട്ടിൽ അബ്ദുൾ അസീസിന്റെ കാലുകൾക്ക് സാരമായി പരിക്കേറ്റു. കാർ ഓടി​ച്ചി​രുന്നയാൾ മദ്യലഹരി​യി​ലായി​രുന്നെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. അബ്ദുൾ അസീസ് ജോലി ചെയ്തുകൊണ്ടിരിക്കെ മാരുതി കാർ തടികൊണ്ടുള്ള തട്ടും തൂണുകളും തകർത്ത് കടയി​ലേക്ക് ഇടിച്ചുകയറുകയായിരുന്നു. റോഡരി​കി​ൽ പാർക്ക് ചെയ്തിരുന്ന നാല് ബൈക്കുകൾ ഇടിച്ചിട്ട ശേഷമാണ് കാർ പാഞ്ഞുകയറിയത്. സ്ഥലത്തുണ്ടായിരുന്നവർ ഉടൻ തന്നെ കാർ ഡ്രൈവറെ വളഞ്ഞുവച്ച് പരവൂർ പൊലീസിന് കൈമാറി. പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നുവെന്ന് വ്യക്തമായതായി പരവൂർ പൊലീസ് പറഞ്ഞു. അബ്ദുൾ അസീസ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കടയിൽ നിർമ്മാണത്തിലിരുന്ന സെറ്റി, കസേര, മറ്റ് ഫർണിച്ചറുകൾ തുടങ്ങിയവ നശിച്ചു.