കൊല്ലം: അധികാര പരിധിയുടെ വിസ്തൃതി മൂലം വലയുന്ന കരുനാഗപ്പള്ളി പൊലീസിന്റെ ജോലിഭാരം കുറയ്ക്കാനും ജനങ്ങൾക്ക് കാര്യക്ഷമമായ സേവനം ലഭിക്കാനും പരിധി വിഭജിച്ച് പുതിയ പൊലീ സ്റ്റേഷൻ നിർമ്മിക്കണമെന്ന് ആവശ്യം. ഇവിടത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ബുദ്ധിമുട്ടുകൾ 'കരുതൽ വേണം കാക്കിക്ക്' എന്ന പരമ്പരയിലൂടെ ഇന്നലെ 'കേരളകൗമുദി' വിശദീകരിച്ചിരുന്നു.
പൊതുജനങ്ങൾ നൽകുന്ന പരാതികൾ ഉദ്യോഗസ്ഥരുടെ അംഗസംഖ്യയിലെ കുറവ് കാരണം സമയബന്ധിതമായി അന്വേഷിക്കാൻ കഴിയുന്നില്ല. ഇതിന് പുറമേ ഉദ്യോഗസ്ഥർക്ക് വിശ്രമിക്കാൻ പോയിട്ട് ഒന്നിരിക്കാൻ പോലും സ്റ്റേഷനിൽ ഇടമില്ലാത്ത അവസ്ഥയാണ്. മറ്റ് സ്റ്റേഷനുകളിൽ നിന്നു വ്യത്യസ്തമായി 75 മുതൽ 100 വരെ പേർ ഇവിടെ പ്രതിദിനം പരാതികളുമായെത്തും. ഇവർക്ക് ആവശ്യമായ സൗകര്യങ്ങളും സ്റ്റേഷനിലില്ല.
കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ വിഭജിച്ച് നിലവിൽ തഴവ മണപ്പള്ളി കേന്ദ്രമാക്കി പുതിയ സ്റ്റേഷൻ സ്ഥാപിക്കണം. അതുവരെ താത്കാലികമായി കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ ആവശ്യമായ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കണം. പരാതികളുടെയും കേസുകളുടെയും എണ്ണം വളരെക്കൂടുതലാണ്. വിശാലമായ അധികാരപരിധിയും ഉദ്യോഗസ്ഥരുടെ എണ്ണക്കുറവും കരുനാഗപ്പള്ളി പൊലീസ് നേരിടുന്ന വലിയ പ്രശ്നം തന്നെയാണ്. പലയിടങ്ങളിലും ലെവൽക്രോസുകൾ ഉള്ളതിനാൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായാൽ അതിവേഗം എത്താൻ പ്രയാസമാണ്. പുതിയൊരു സ്റ്റേഷൻ മാത്രമാണ് ഇതിനൊരു പരിഹാരം
സി.ആർ. മഹേഷ് എം.എൽ.എ
..............................................................................
കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിട നിർമ്മാണം വേഗത്തിലാക്കണം. പരാതിയുമായി എത്തുന്ന പൊതുജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ നിലവിലെ കെട്ടിടങ്ങളിൽ എത്രയും വേഗം ക്രമീകരിക്കണം. ഉദ്യോഗസ്ഥരുടെ അംഗസംഖ്യയിലെ കുറവും പരിഹരിക്കപ്പെടണം. പൊതുജനങ്ങൾക്ക് പൊലീസിന്റെ സേവനം കാര്യക്ഷമമായി ലഭിക്കാൻ കരുനാഗപ്പള്ളി സ്റ്റേഷൻ വിഭജിച്ച് ഉചിതമായ സ്ഥലത്ത് പുതിയ സ്റ്റേഷൻ ആരംഭിക്കണം
എ. സോമരാജൻ, എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി
..........................................................
കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ വിഭജിച്ച് രണ്ട് പുതിയ സ്റ്റേഷനുകൾ രൂപീകരിക്കണമെന്ന് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതിലും ഉദ്യോഗസ്ഥരുടെ അംഗസംഖ്യ അടക്കമുള്ള കാര്യങ്ങളിലും സർക്കാരും വകുപ്പും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു
കെ. അനിൽകുമാർ, കൊല്ലം സിറ്റി ജില്ലാ കമ്മിറ്റി അംഗം, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ
..................................................................