തുടർച്ചയായ അവധികളിൽ എ.ടി.എമ്മുകൾ കാലി
കൊല്ലം:വിശേഷാവസരങ്ങളിലെ തുടർച്ചയായ അവധികളിൽ എ.ടി.എമ്മുകൾ കാലിയാവുന്നത് അക്കൗണ്ട് ഉടമകളെ നിരാശരാക്കുന്നു. കഴിഞ്ഞ പൂജവയ്പ് സമയത്തെ മൂന്ന് അവധി ദിവസങ്ങളിൽ കാലിയായ എ.ടി.എമ്മുകളിലെ പ്രതിസന്ധി ഇതുവരെ ഒഴിഞ്ഞിട്ടില്ല.
പൊതുമേഖല ബാങ്കുകൾ ഉൾപ്പെടെ മിക്ക ബാങ്കുകളുടെയും എ.ടി.എമ്മുകൾ പുറം കരാറിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ ബ്രാഞ്ചുകൾക്കൊപ്പം പ്രവർത്തിക്കുന്ന എ ടി എമ്മുകളുടെ പരിപാലനം ബന്ധപ്പെട്ട ശാഖയുടെ ഉത്തരവാദിത്വമാണ്. കറൻസി കാലിയാകുന്നതിന് പുറമെ മെഷീനുകൾ കേടാകുന്നതും പ്രശ്‌നമാകുന്നു. ജോലിയിലെ സമ്മർദ്ദവും ഉത്തരവാദിത്വവും കുറച്ചു ദിവസത്തേക്കെങ്കിലും മറക്കാൻ തുടർച്ചയായ അവധികളിൽ ബാങ്ക് ഉദ്യോഗസ്ഥർ ഉല്ലാസയാത്രകൾ പ്ലാൻ ചെയ്യാറുണ്ട്
എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ബ്രാഞ്ചിലെ ഒരു ഓഫീസറും മറ്റൊരാളും ദീർഘാവധിയുടെ മദ്ധ്യദിവസങ്ങളിൽ ബ്രാഞ്ചിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് പുതിയ ചട്ടം. ബ്രാഞ്ച് പരിപാലിക്കുന്ന എ.ടി.എമ്മുകളിൽ പണം നിറയ്‌ക്കുകയാണ് അവരുടെ അപ്പോഴത്തെ ചുമതല.
തലവേദനയായി 'നിക്ഷേപം'
മുന്നറിയിപ്പുകൾ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും ചിലർ, പണം നിക്ഷേപിക്കാനുള്ള സി.ഡി.എമ്മുകളിൽ വിലക്കപ്പെട്ട വസ്‌തുക്കൾ നിക്ഷേപിക്കുന്നത് മെഷീനുകളെ തകരാറിലാക്കുന്നു. റബർ ബാൻഡുകൾ മുതൽ അബദ്ധത്തിൽ സ്വന്തം ഫോട്ടോ വരെ മെഷീനുകളിൽ ഇടുന്നത് യന്ത്രങ്ങൾ തകരാറിലാകുന്നതിന് കാരണമാകുന്നു. മുഴുവൻ എ.ടി.എമ്മുകളും പുറംകരാർ നൽകുന്നതിനെക്കുറിച്ച് ആലോചന നടക്കുന്നതായി ഓഫീസർമാരുടെ സംഘടന പറയുന്നു.