 
തള്ളുന്നത് റെയിൽവേയും കോർപ്പറേഷനും തമ്മിൽ തർക്കമുള്ള ഭൂമിയിൽ
കൊല്ലം: ചിന്നക്കട റൗണ്ടിന് സമീപത്തെ പെട്രോൾ പമ്പിനടുത്ത് മാലിന്യ നിക്ഷേപം വർദ്ധിച്ചിട്ടും നടപടിയെടുക്കാതെ അധികൃതർ. റെയിൽവേയും കോർപ്പറേഷനും തമ്മിൽ ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട് തർക്കത്തിൽ കിടക്കുന്ന സ്ഥലമാണിത്. ഇവിടെ മാലിന്യങ്ങൾ കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.
പ്ലാസ്റ്റിക്, ഭക്ഷണാവശിഷ്ടങ്ങൾ, അറവ് മാലിന്യങ്ങൾ, ആശുപത്രി മാലിന്യങ്ങൾ ഉൾപ്പെടെയാണ് പുരയിടത്തിലുള്ളത്. ചാക്കിലും പ്ലാസ്റ്റിക് കവറിലും കെട്ടിയാണ് മാലിന്യങ്ങൾ ഇവിടെ തള്ളുന്നത്. മാലിന്യം നിക്ഷേപിച്ചിരിക്കുന്നതിനു സമീപത്തെ ഫുട്പാത്തിലൂടെ ദിവസവും നൂറുകണക്കിന് ആളുകളാണ് കടന്ന് പോകുന്നത്. സന്ധ്യ സമയങ്ങളിലും രാത്രിയിലുമാണ് മാലിന്യ നിക്ഷേപം നടത്തുന്നത്. ഇവിടെ ചെടികൾ ഉൾപ്പെടെ വളർന്ന് കാട് മൂടി കിടക്കുന്നതിന്നാൽ മാലിന്യങ്ങൾ കൂടികിടക്കുന്നത് റോഡിൽ നിന്ന് നോക്കിയാൽ പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ല.
മഴക്കാലത്ത് മാലിന്യങ്ങളിലേക്ക് വെള്ളമിറങ്ങി ജീർണിക്കുന്ന സ്ഥിതിയാകും. ഇത് പകർച്ചപ്പനികൾക്കും എലിപ്പനി പോലെയുള്ള അസുഖങ്ങൾക്കും കാരണമാകുന്നുണ്ട്. ജില്ലയിൽ ഡെങ്കിപ്പനി അടക്കം പകർച്ചപ്പനികൾ പിടിപെടുന്നവരുടെ എണ്ണം വർദ്ധിക്കുമ്പോഴും മാലിന്യം നീക്കം ചെയ്യാൻ നടപടിയെടുക്കുന്നില്ലെന്നാക്ഷേപം ഉയർന്നിട്ടുണ്ട്. .
മൂക്കുപൊത്തണം
ചിന്നക്കടയിൽ നിന്ന് റെയിൽവേ സ്‌റ്റേഷനിലേക്കും ചിന്നക്കട ബസ് സ്റ്റാൻഡിലേക്കുമൊക്കെ പോകുന്നവർ ഈ ദുർഗന്ധഭാഗം കടന്നുവേണം പോകാൻ. മൂന്നുപൊത്താതെ ഇവിടം കടന്നു പോകാനാവില്ല. നഗരത്തിന്റെ ഹൃദയ ഭാഗത്താണെങ്കിലും സി.സി.ടി.വി ഇല്ലാത്തതിനാൽ മാലിന്യ നിക്ഷേപം നിർബാധം തുടരുകയാണ്. മാലിന്യം തള്ളുന്നവരെ കണ്ടെത്താനും കഴിയുന്നില്ല. മതിയായ വെളിച്ചവും ഈ ഭാഗത്ത് ഇല്ലാത്തതിനാൽ സ്‌കൂട്ടറിലും കാറിലുമായി കൊണ്ടു വരുന്ന മാലിന്യങ്ങൾ ഇവിടെ നിക്ഷേപിച്ച ശേഷം കടന്ന് കളയുകയാണ്.
മാലിന്യം നിക്ഷേപം നടക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നിലവിലുണ്ട്. ഇവിടെ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിലവിൽ ഇവിടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാൻ ശ്രമിക്കും. വീണ്ടും മാലിന്യങ്ങൾ നിക്ഷേപിക്കാതിരിക്കാൻ നിരീക്ഷണം ശക്തമാക്കും
കോർപ്പറേഷൻ അധികൃതർ