തൊടിയൂർ: തൊടിയൂർ പഞ്ചായത്തിലെ പാട്ടുപുരയ്ക്കൽ മുക്ക് - ചാങ്ങേത്ത് മുക്ക് റോഡ് തകർന്ന് തരിപ്പണമായിട്ട് വർഷങ്ങളായി. സഞ്ചാരയോഗ്യമാക്കാൻ യാതൊരു നടപടിയുമില്ല. കുടിവെള്ള പൈപ്പ് ഇടുന്നതിനായി വാട്ടർ അതോറിട്ടി വർഷങ്ങൾക്ക് മുമ്പ് വെട്ടിപ്പൊളിച്ചതാണ്. ഇപ്പോഴും അതേപടി കിടക്കുന്നു. റോഡ് നവീകരിക്കാൻ ജലജീവൻ മിഷൻ ഫണ്ട് അനുവദിച്ചിരുന്നെന്നും എന്നാൽ അത് വിനിയോച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
പൈപ്പ് ലൈനിനായി വെട്ടിപ്പൊളിച്ചു
നാലു വർഷം മുമ്പാണ് പൈപ്പ് ലൈൻ സ്ഥാപികുന്നതിനായി റോഡ് കുഴിച്ചത്. അതോടെ ഗതാഗതം ബുദ്ധിമുട്ടിലായി. 800 മീറ്റർ ദൈർഘ്യമുള്ള റോഡിന്റെ പകുതിയിലേറെ ഭാഗം പൂർണമായി തകർന്ന നിലയിലാണ്. പാട്ടുപുരയ്ക്കൽ മുക്കിൽ നിന്ന് തൊടിയൂർ ഗവ.എൽ.പി.എസ്, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, തൊടിയൂർ സർവീസ് സഹ.ബാങ്ക് ,മുഴങ്ങോടി ക്ഷീരോല്പാദക സഹ.സംഘം, കാരൂർക്കടവ് എന്നിവിടങ്ങളിലേയ്ക്കുള്ള എളുപ്പവഴിയാണിത്.
നവകേരളയാത്രയിൽ പരാതി
റോഡ് നന്നാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയുടെ നവകേരളയാത്രയിൽ നാട്ടുകാർ പരാതി നൽകിയിരുന്നു. പരാതി പഞ്ചായത്തിന്റെ പരിഗണനയിലാണ്. എന്നാൽ ഇന്നേ വരെ റോഡ് നന്നാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. അപകടക്കെണികൾ നിറഞ്ഞ റോഡ് വേഗം സഞ്ചാരയോഗ്യമാക്കമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പ്രാദേശിക തലത്തിൽ ഏറെ സഞ്ചാര പ്രാധാന്യമുള്ള പാട്ടുപുരയ്ക്കൽ മുക്ക് - ചാങ്ങേത്ത് മുക്ക് റോഡ് എത്രയും വേഗം
സഞ്ചാരയോഗ്യമാക്കണം.
വി.ആർ.ഗോപിനാഥ്
മുൻ പഞ്ചായത്തംഗം,
പൊതു പ്രവർത്തകൻ