k

കൊല്ലം: നേതാക്കൾ ഇടപെട്ട് മത്സരങ്ങൾ സൃഷ്ടിച്ച് സമ്മേളനങ്ങൾ പൂർത്തീകരിക്കാനാകാത്ത അവസ്ഥ സൃഷ്ടിക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ താക്കീത്. കൊല്ലം ജില്ലയിലെ ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ മത്സര പരമ്പര രൂപപ്പെട്ട സാഹചര്യത്തൽ വിളിച്ചു ചേർത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണിത്..

പുതിയ കമ്മിറ്റിയുടെ പാനൽ തയ്യാറാക്കുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കുന്നതിനൊപ്പം ഉയരുന്ന അഭിപ്രായങ്ങൾ ഉപരി ഘടകത്തിൽ നിന്നുള്ള നേതാക്കൾ ഗൗരവത്തോടെ പരിഗണിക്കണം. കൊല്ലത്ത് വിഭാഗീയത രൂക്ഷമായ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള കല്ലേലിഭാഗം, തൊടിയൂർ, ആലപ്പാട് സൗത്ത് ലോക്കൽ സമ്മേളനങ്ങളിൽ മത്സരം രൂപപ്പെട്ടിരുന്നു. കല്ലേലിഭാഗം സമ്മേളനത്തിൽ മത്സരം അനുവദിക്കാത്തതോടെ സംഘർഷാന്തരീക്ഷവും ഉണ്ടായി. ഈ സമ്മേളനം പിന്നീട് ഏരിയാ കമ്മിറ്റി സസ്പെൻഡ് ചെയ്തു. ചാത്തന്നൂർ, കൊല്ലം ഏരിയ കമ്മിറ്റികളിലെ ലോക്കൽ സമ്മേളനങ്ങളിലും മത്സരത്തിന് ശ്രമമുണ്ടായി.

മാദ്ധ്യമങ്ങൾക്ക്

പരാതി നൽകേണ്ട

പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് നൽകുന്ന പരാതിയുടെ പകർപ്പ് ജില്ലാ സെക്രട്ടറിക്ക്

പുറമേ മാദ്ധ്യമങ്ങൾക്ക് കൂടി നൽകുന്നത് വച്ചുപൊറുപ്പിക്കില്ലെന്ന്

ജില്ലാ കമ്മിറ്റി ഓഫീസിൽ വിളിച്ചുചേർത്ത കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി യോഗത്തിൽ ഗോവിന്ദൻ പറഞ്ഞു. സി.പി.എം നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി ബോയ്സ് ആൻഡ് ഗേൾസ് സ്കൂൾ മാനേജിംഗ് കമ്മിറ്റിക്കെതിരായ പരാതി മാദ്ധ്യമങ്ങൾക്ക് നൽകിയത് അന്വേഷിക്കാനും നിർദ്ദേശം നൽകി. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ പി.ആർ. വസന്തൻ, ഇതേ സ്കൂളിലെ അദ്ധ്യാപികയായ അദ്ദേഹത്തിന്റെ ഭാര്യ തുടങ്ങിയവരുടെ അക്കൗണ്ടുകളിലേക്ക് സ്കൂൾ മാനേജിംഗ് കമ്മിറ്റിയുടെ അക്കൗണ്ടിൽ നിന്നു നിയമവിരുദ്ധമായി ചെക്ക് നൽകിയെന്നായിരുന്നു പരാതി. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കണമെന്നും സദുദ്ദ്യേശത്തോടെയാണെങ്കിലും നിയമം മറികടക്കാൻ ശ്രമിക്കരുതെന്നും ഗോവിന്ദൻ പറഞ്ഞു.

പ്രസി​ഡന്റി​നു മാറ്റം

കരുനാഗപ്പള്ളി സ്കൂൾ മാനേജിംഗ് കമ്മിറ്റിയുടെയും ഇതേ സ്കൂളിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന സി.പി.എം നിയന്ത്രണത്തിലുള്ള ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെയും പ്രസിഡന്റ്, പി.ആർ. വസന്തൻ പക്ഷക്കാരനായ വി.പി. ജയപ്രകാശ് മോനോനാണ്. ഇതിനെതിരെ മറുപക്ഷം നൽകിയ പരാതിയിൽ ജയപ്രകാശ് മോനോന് പകരം ജില്ലാ കമ്മിറ്റി അംഗം പി.കെ. ബാലചന്ദ്രനെ പ്രസിഡന്റാക്കാൻ ഗോവിന്ദൻ നിർദ്ദേശിച്ചു.