 
കൊല്ലം: സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷന് മികച്ച ഗുണനിലവാരത്തിനുള്ള ഐ.എസ്.ഒ 22000-2018 അംഗീകാരം ലഭിച്ചു. ഇന്ത്യൻ രജിസ്റ്റർ ക്വാളിറ്റി സിസ്റ്റംസ് കമ്പനിയിൽ നിന്നും പ്രതിനിധികൾ എത്തി കോർപ്പറേഷന്റെ സർട്ടിഫിക്കേഷൻ അംഗീകാരം മാനേജിംഗ് ഡയറക്‌ടർക്ക് കൈമാറി.
നിലവിൽ ഉണ്ടായിരുന്ന ഐ.എസ്.ഒ 22000-2005 സർട്ടിഫിക്കേഷനെ പുതിയ വേർഷനിൽ റീ സർട്ടിഫൈ ചെയ്‌താണ് അംഗീകാരം നൽകിയത്. സർട്ടിഫിക്കേഷൻ ഏജൻസി കാഷ്യു കോർപ്പറേഷന്റെ യൂണിറ്റിൽ വന്ന് പരിശോധന നടത്തി ഉയർന്ന ക്വാളിറ്റി മാനദണ്ഡങ്ങൾ പാലിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് റീ സർട്ടിഫിക്കേഷൻ ലഭിച്ചത്. എൻ.എ.ബി.സി.ബി അക്രഡിറ്റേഷനുള്ള സർട്ടിഫിക്കേഷനാണ് കോർപ്പറേഷന് ലഭിച്ചത്. ഇതിന് മൂന്ന് വർഷമാണ് കാലാവധി. ഏറ്റവും മികച്ച ഉത്പന്നം വിപണിയിൽ എത്തിക്കാനുള്ള കാഷ്യു കോർപ്പറേഷന്റെ നിരന്തരമായ ശ്രമങ്ങൾക്ക് പുതുതായി ലഭിച്ച ഐ.എസ്.ഒ അംഗീകാരം ശക്തി പകരുമെന്ന് ചെയർമാൻ എസ് ജയമോഹൻ പറഞ്ഞു.
നേട്ടത്തിനു വേണ്ടി പരിശ്രമിച്ച എല്ലാ ജീവനക്കാരെയും ചെയർമാൻ എസ്. ജയമോഹനനും മാനേജിംഗ് ഡയറക്ടർ കെ. സുനിൽ ജോണും അഭിനന്ദിച്ചു.