നിലവിൽ പകൽ മാത്രം, വൈകാതെ രാത്രിയിലേക്കും
കൊല്ലം: സർവീസ് ആരംഭിച്ച് ഒന്നരവർഷത്തിനുള്ളിൽ ജപ്രിയമായി മാറിയ, ജലഗയാഗത വകുപ്പിന്റെ 'സീ അഷ്ടമുടി ബോട്ട്' സർവീസ് രാത്രി യാത്രയിലേക്കും കടക്കുന്നു. ഇതിനുള്ള നിർദ്ദേശങ്ങൾ കൊല്ലത്തെ അധികൃതർ വകുപ്പിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു.
കൂടുതൽ ലൈറ്റുകളും ശബ്ദസംവിധാനങ്ങളുമെല്ലാം ബോട്ടിൽ ഒരുക്കും. വൈകിട്ട് 5 മുതൽ രാത്രി 8 വരെയാണ് പുതിയ ട്രിപ്പ്. സീ അഷ്മുടിയിലെ യാത്രക്കാർക്കുള്ള ക്രിസ്‌മസ് പുതുവത്സര സമ്മാനമായിട്ടാകും പുതിയ ട്രിപ്പ് ക്രമീകരിക്കുക. സാമ്പ്രാണിക്കോടിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പോകാൻ താത്പര്യമില്ലാത്തവർക്ക് ബോട്ടിംഗ് മാത്രമായി രാത്രി ട്രിപ്പിനെ പ്രയോജനപ്പെടുത്താം. .
വൈകിട്ട് ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന സർവീസ് അഷ്ടമുടിക്കായലിലൂടെ ചുറ്റി മൺറോത്തുരുത്ത് വഴി തിരികെ കൊല്ലം ബോട്ട് ജെട്ടിയിൽ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെയുള്ള അഞ്ച് മണിക്കൂർ ട്രിപ്പിനേക്കാൾ കുറഞ്ഞ ടിക്കറ്റ് നിരക്കിലാവും സർവീസ്. കുടുംബശ്രീയുടെ കൗണ്ടർ വഴി ചായ, ലഘുഭക്ഷണം, ഐസ്‌ക്രീം എന്നിവയും നൽകും.
നിലവിൽ അവധി ദിവസങ്ങളിലാണ് യാത്രക്കാർ ഒരുപാടെത്തുന്നത്. എന്നാൽ പലർക്കും സീറ്റ് ലഭിക്കാത്ത അവസ്ഥയാണ്.
തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ നിന്നാണ് യാത്രക്കാരിൽ ഭൂരിഭാഗവും എത്തുന്നത്. അഷ്ടമുടിക്കായലിന്റെയും മൺറോത്തുരുത്തിന്റെയും സാമ്പ്രാണിക്കോടിയുടെയും ടൂറിസം സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക, കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് കായൽ സൗന്ദര്യം ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സീ അഷ്ടമുടി ബോട്ട് സർവീസ് ആരംഭിച്ചത്.
നിലവിൽ 5 മണിക്കൂർ
സീ അഷ്ടമുടി സർവീസിന് ജലഗതാഗത വകുപ്പ് ചെലവിട്ടത് 1.09 കോടി
സർവീസ് തുടങ്ങിയത് 2023 മാർച്ച് 13ന്
നിലവിൽ രാവിലെ മാത്രം അഞ്ച് മണിക്കൂറുള്ള ഒരു ട്രിപ്പ്
കൊല്ലം ബോട്ട് ജെട്ടിയിൽ നിന്നു പകൽ 11.30ന് പുറപ്പെടും
അഷ്ടമുടിക്കായലിന്റെ എട്ടു മുടികളും സന്ദർശിക്കും
വൈകിട്ട് 4.30ന് മടങ്ങിയെത്തും
സഞ്ചാരികൾക്ക് സാമ്പ്രാണിത്തുരുത്തിൽ ഇറങ്ങാം
60 സീറ്റുള്ള താഴത്തെ നിലയിൽ നിരക്ക് 400 രൂപ
30 സീറ്റുള്ള മുകളിലത്തെ നിലയിൽ 500 രൂപ
ഒന്നരവർഷം, ഒന്നരക്കോടി വരുമാനം
സർവീസ് ഒരു വർഷം പിന്നിടുമ്പോൾ 8.25 ലക്ഷമായിരുന്നു വരുമാനം. നാലുമാസം മുൻപ് വരുമാനം ഒരു കോടി കടന്നു.
നിലവിൽ ഒന്നര കോടിയിലെത്തി.ഇതുവരെ 35,000ത്തിലധികം സഞ്ചാരികളാണ് കായൽ സൗന്ദര്യം ആസ്വദിച്ചു മടങ്ങിയത്. പുതിയ സർവീസിന്റെ ഭാഗമായി രാവിലത്തെ ട്രിപ്പിന്റെ സമയം ഒരു മണിക്കൂർ നേരത്തെയാക്കും.