കൊല്ലം: ശബരിമല തീർത്ഥാടകർക്ക് യാത്രാ സൗകര്യം മെച്ചപ്പെടുത്താനായി റെയിൽവേ 300 സ്പെഷ്യൽ ട്രെയിൻ സർവ്വീസുകൾ നടത്തുമെന്ന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ ഡോ. മനീഷ് തപ്ളയാൽ അറിയിച്ചു. ചെങ്ങന്നൂരിൽ കൊടിക്കുന്നിൽ സുരേഷ് എം.പി വിളിച്ചുചേർത്ത ശബരിമല അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യ്യം അറി​യി​ച്ചത്.

ശബരിമല തീർത്ഥാടനം സുഗമമാക്കുന്നതിന് കോട്ടയം വഴിയും മധുര പനലൂർ വഴിയും കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന് കഴിഞ്ഞ ആഴ്ച കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്ര റെയിൽവേ മന്ത്രി, സഹമന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ എന്നിവരെ കണ്ട് അഭ്യർത്ഥിച്ചിരുന്നു. മണ്ഡലകാലം മുൻനിറുത്തി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ അദ്ധ്യക്ഷതയിൽ വിളിച്ചുചേർത്ത ശബരിമല തീർത്ഥാടന അവലോകന യോഗം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. റയിൽവേ ബോർഡ് ഉദ്യോഗസ്ഥർ ജന പ്രതിനിധികൾ, റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.