ശാസ്താംകോട്ട : ആനയടിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മാരാരിതോട്ടം കല്ലേലിഭാഗം രജി ഭവനത്തിൽ അഭിജിത്ത് (21) ആണ് ശൂരനാട് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെയാണ് സംഭവം. പൊലീസ് നടത്തിയ പരിശോധനയിൽ യുവാവിൽ നിന്ന് നാല് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന ലഹരിമരുന്നാണിതെന്ന് പൊലീസ് പറഞ്ഞു. അഭിജിത്ത് നാളുകളായി ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. റൂറൽ പൊലീസ് മേധാവി കെ.എം.സാബു മാത്യുവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് അഭിജിത്ത് പിടിയിലായത്.
ഡാൻസാഫ് എസ്.ഐമാരായ ജ്യോതിഷ് ചിറവൂർ, ദീപു കെ, ജി.എസ്.എസ്.ഐമാരായ ശ്രീകുമാർ,സി.പി. ഒമരായ വിപിൻ , സജുമോൻ, നഹാസ് ശൂരനാട് എസ്.എച്ച്.ഒ ജോസഫ് ലിയോൺ, സബ് ഇൻസ്പെക്ടർ ദീപു പിള്ള, ജി.എസ്.ഐ സിയാദ്, പ്രദീപ്, സി.പി.ഒ ബിജു, രഞ്ജുകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് . വിദ്യാർത്ഥികൾക്ക് ഇടയിലെ ലഹരി ഉപയോഗം തടയുന്നതിനായി ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നു റൂറൽ എസ്.പി കെ.എം.സാബു മാത്യു അറിയിച്ചു.