 
കൊട്ടാരക്കര: കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിന് മുന്നിൽ ചെളിവെള്ളവും ദുരിതവും. യാത്രക്കാരും ജയിൽ സന്ദർശിക്കാനെത്തുന്നവരും തീർത്തും ബുദ്ധിമുട്ടിലായി. കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ നഗരസഭ ഓഫീസിന് മുന്നിൽ നിന്ന് തുടങ്ങി എം.സി റോഡിൽ രവിനഗറിൽ എത്തുന്ന റോഡിൽ സബ് ജയിലിന് തൊട്ട് മുന്നിലായിട്ടാണ് വലിയ തോതിൽ ചെളിയും വെള്ളവുമുള്ളത്. കാൽ നടയാത്ര തീർത്തും പറ്റില്ല. ഇരുചക്ര വാഹനങ്ങൾ തെന്നി മറിയുന്ന സ്ഥിതിയാണ്. മറിഞ്ഞാൽ ചെളിയിൽ മുങ്ങി നിവരേണ്ട ഗതികേടുമുണ്ട്. ജയിൽ സന്ദർശിക്കാൻ എത്തുന്നവർ ഏറെനേരം മതിലിന് പുറത്ത് കാത്ത് നിൽക്കേണ്ടി വരും. ഇവിടെ നിന്നാൽ വാഹനങ്ങൾ ചെളിവെള്ളം തെറിപ്പിക്കുമെന്ന് ഉറപ്പാണ്.
വീതി കൂടി, ചെളിക്കുണ്ടായി
പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിന് ചുറ്റുമതിൽ നിർമ്മിച്ചപ്പോൾ അകത്തേക്ക് തള്ളിയായിരുന്നു നിർമ്മാണം. അതുകൊണ്ടുതന്നെ ജയിൽ റോഡിന് കുറച്ചുഭാഗം വീതി കൂടി. എന്നാൽ ഇവിടുത്തെ ചെളി നീക്കം ചെയ്യാഞ്ഞതാണ് മഴപെയ്തപ്പോൾ ദുരിതമായി മാറിയത്. ജയിലിന് പുറമെ സൈബർ പൊലീസ് സ്റ്റേഷൻ, പൊലീസിന്റെ ടെലി കമ്മ്യൂണിക്കേഷൻ വിഭാഗം, കെ.ഐ.പി ഓഫീസുകളും ക്വാർട്ടേഴ്സുകളും സബ് രജിസ്ട്രാർ ഓഫീസ് എന്നിവയെല്ലാം പ്രവർത്തിക്കുന്നത് ഈ റോഡിന്റെ വശങ്ങളിലാണ്. പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിട സമുച്ചയം പൂർത്തിയായിട്ടുണ്ട്. നഗരസഭയ്ക്ക് ഓഫീസ് സമുച്ചയവും ജയിലിന് സമീപത്തെ കെ.ഐ.പി ഭൂമിയിലാണ് നിർമ്മിക്കുന്നത്.
ആൽമരച്ചുവട് റോഡിൽത്തന്നെ
ചുറ്റുമതിൽ നിർമ്മാണവും റോഡിന് വീതികൂട്ടലുമായി ബന്ധപ്പെട്ട് ഇവിടെയുണ്ടായിരുന്ന വലിയ ആൽമരം മുറിച്ചുനീക്കിയിരുന്നു. ആൽമരത്തിന്റെ ചുവട് ഇളക്കിമാറ്റിയെങ്കിലും ഇപ്പോഴും റോഡിൽത്തന്നെയുണ്ട്. ഇത് നീക്കം ചെയ്തില്ലെങ്കിൽ ഗതാഗതത്തിന് ബുദ്ധിമുട്ടാകും.