photo
തകർന്ന് കിടക്കുന്ന കുഴിത്തുറ ഗവ: ഹയർസെക്കണ്ടറി സ്കൂൾ - കുഴിത്തുറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം റോഡ്.

കരുനാഗപ്പള്ളി: തകർച്ച കാരണം യാത്രക്കാരുടെ നടുവൊടിയുന്ന അവസ്ഥയാണ് കുഴിത്തുറ ഗവ.ഹയർസെക്കൻഡറി സ്കൂൾ - കുഴിത്തുറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം റോഡിന്. ആലപ്പാട് ഗ്രാമപഞ്ചായത്തിലെ 8-ം വാർഡിലൂടെ കടന്ന് പോകുന്ന ഈ റോലിലൂടെ കാൽനട യാത്ര പോലും ദുഷ്ക്കരമായി.പൊട്ടിപ്പൊളിയാത്ത ഭാഗങ്ങൾ വിരളമാണ്.

അറ്റകുറ്റപ്പണികളില്ല

ഒന്നര പതിറ്റാണ്ടിന് മുമ്പാണ് റോഡ് അവസാനമായി ടാർ ചെയ്തത്. അതിന് ശേഷം ഒരിക്കൽ പോലും റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. ഒരു കിലോമീറ്ററോളം ദൈർഘ്യം മാത്രമേ റോഡിനുള്ളു.

റോഡിന്റെ ഇരു വശങ്ങളിലുമായി 100 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവർക്ക് ആലപ്പാട്ട് ഗ്രാമപഞ്ചായത്തിലൂടെ കടന്ന് പോകുന്ന പ്രധാന റോഡിൽ എത്താച്ചേരാനുള്ള ഏക മാർഗവും ഇതാണ്. സ്കൂൾ കുട്ടികളും നാട്ടുകാരും നടന്ന് പോകുന്ന റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് നാട്ടുകാർ നിരവധി തവണ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.

ആലപ്പാട്ട് പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന റോഡാണിത്. റോഡ് പൂർണമായും തകർന്നിട്ട് വർഷങ്ങളായി. റോഡിലെ കുഴികളിൽ മെറ്റൽ നിരത്തി അടച്ചിരുന്നെങ്കിൽ വെള്ളക്കെട്ട് ഒഴിവാക്കാമായിരുന്നു. പ്രദേശവാസികൾ യാത്ര ചെയ്യാൻ ഏറെ ബുദ്ധിമുട്ടുകയാണ്. റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണം.

ജെ. ആനന്ദൻ,

സെക്രട്ടറി,

എസ്.എൻ.ഡി.പി യോഗം 2326-ം നമ്പർ ശാഖ