ocr
ചങ്ങൻകുളങ്ങര ജംങ്ഷൻ

ഓച്ചിറ: ജീവനിൽ കൊതിയുള്ളവർ ദേശീയപാതയിലൂടെയുള്ള യാത്ര ഒഴിവാക്കേണ്ടി വരും .അടുത്തടുത്ത ദിവസങ്ങളിലായി രണ്ടുപേരാണ് ഓച്ചിറ മുതൽ കരുനാഗപ്പള്ളി വരെയുള്ള നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയിൽ പൊലിഞ്ഞത്. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിക്കുന്ന കുഴികളാണ് അപകടങ്ങൾക്ക് ഇടയാകുന്നത്. പലപ്പോഴും മുന്നറിയിപ്പ് ബോർഡുകളോ റിഫ്ളക്ടറുകളോ ഉണ്ടാകാറില്ല. പൊടിപടലം മൂടിയ ദേശീയപാതയിൽ കൂടിയുള്ള സഞ്ചാരം ഇരുചക്രവാഹനങ്ങളുടെ കാഴ്ചയെ മറയ്ക്കുന്നതും അപകടങ്ങൾ ഇടയാകുന്നു.

പൊലിഞ്ഞത് രണ്ട് ജീവനുകൾ

ഓച്ചിറ പള്ളിമുക്കിൽ മുന്നറിയിപ്പുകൾ ഇല്ലാതെ നിർമ്മിച്ച കുഴി അപഹരിച്ചത് ഒരു യുവാവിന്റെ ജീവനാണ്. തഴവ ദാറുൽ മില്ലത്ത് വീട്ടിൽ പരേതനായ ഹനിഫ,ആമീന ദമ്പതികളുടെ മകൻ ജുബൈർ (32) ബൈക്കുമായി കുഴിയിലേക്ക് വീഴുകയായിരുന്നു. കായംകുളത്ത് നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു. 17ന് രാത്രി 7.30നാണ് കുഴിയിൽ വീണത്. ഇരുട്ടായതിനാൽ കുഴി ശ്രദ്ധയിൽ പെട്ടില്ല. തലയും നട്ടെല്ലും തകർന്ന് തിരുവനന്തപുരം മെജിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ജുബൈറിനൊപ്പം ബൈക്കിൽ സഞ്ചരിച്ച സുബിൻ യോഹന്നാൻ (31) പരിക്കുകളോടെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിനു ശേഷം അധികൃതർ കുഴി പെട്ടെന്ന് തന്നെ മൂടുകയായിരുന്നു.കഴിഞ്ഞ ദിവസം ചങ്ങൻകുളങ്ങര അടിപ്പാതയ്ക്ക് പടിഞ്ഞാറ് വശം ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ് യുവതി മരിച്ചിരുന്നു. ആലപ്പാട് പറയകടവ് സ്വദേശി ബിൻസിയ (34) ആണ് മരിച്ചത്. ഭർത്താവ് സുധിഷ് ഓടിച്ച സ്കൂട്ടർ അടിപ്പാതയിൽ കൂടി ദേശീയപാത ക്രോസ് ചെയ്ത മറ്റൊരു ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചു വീണു. ഉടൻ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ബിൻസിയ മരണത്തിന് കിഴടങ്ങി.

ഗതാഗതവും നിർമ്മാണ പ്രവർത്തനങ്ങളും ഒരുമിച്ച് നടക്കുന്ന ദേശീയ പാതയിൽ നിരവധി അപകടങ്ങളാണ് ദിനംപ്രതി സംഭവിച്ചുകൊണ്ടിരിക്കുന്നത്. അശാസ്ത്രീയമായ ഗതാഗത നിയന്ത്രണങ്ങളാണ് ഇവിടത്തെ അപകടങ്ങൾ വർദ്ധിക്കുവാനുള്ള പ്രധാന കാരണം. വിലപ്പെട്ട ജീവനുകൾ ദേശീയ പാത അധികൃതരുടെ അനാസ്ഥ കാരണം നിരത്തിൽ പൊലിയുകയാണ്. ഇതിന് അടിയന്തര പരിഹാരം ഉണ്ടാക്കണം.

റിയാസ്, സലാം ടീ സ്റ്റാൾ, പള്ളിമുക്ക്, ഓച്ചിറ