 
കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന പാതകളിലൊന്നായ മൂർത്തിക്കാവ്- മനക്കരക്കാവ് റോഡ് ഇടിഞ്ഞുതാണു. ഗതാഗതം തടസപ്പെട്ടു. കുറുമ്പാലൂർ പട്ടാഴിവിള ഭാഗത്താണ് റോഡിന്റെ ഇരുവശവും ഇടിഞ്ഞു താണത്. മാസങ്ങളായി ഇവിടെ റോഡ് വശത്തേക്ക് ഇരുത്തുന്നതായി നാട്ടുകാർ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നു. ടാറിംഗ് ഉള്ള ഭാഗത്ത് വരകൾ വീഴുകയും ഒരു വശത്തേക്ക് ചരിവുണ്ടാകുകയും ചെയ്തിട്ടും അധികൃതർ ജാഗ്രത കാട്ടിയില്ല. രണ്ട് ദിവസം മുൻപ് ഒരു വശം വലിയ ശബ്ദത്തോടെ ഇടിഞ്ഞു. നാട്ടുകാരും ജനപ്രതിനിധികളുമെത്തി വീപ്പകളും മറ്റും നിരത്തി റോഡിന്റെ ഒരു വശത്തെ ഗതാഗതം തടഞ്ഞു. എന്നാൽ ടോറസ് ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ കടന്നുപോയതോടെ മറുവശവും ഇടിയുന്ന ഘട്ടത്തിലായി. ഇന്നലെ ഉച്ചയോടെ നാട്ടുകാർ നോക്കി നിൽക്കെ പത്തടി ഉയരത്തിലുള്ള കൽക്കെട്ട് ഇടിഞ്ഞ് താഴേക്ക് പതിച്ചു. ഇവിടെയുണ്ടായിരുന്ന വൈദ്യുത പോസ്റ്റും മറിഞ്ഞു. ആളപായമുണ്ടായില്ലെന്നതാണ് ആശ്വാസം.
ഉദ്യോഗസ്ഥരെത്തി, വഴിപാടായി
റോഡിന്റെ അപകടാവസ്ഥ ബോദ്ധ്യപ്പെടാൻ ഇന്നലെ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെത്തിയിരുന്നു. തീർത്തും അപകടാവസ്ഥയെന്ന് ബോദ്ധ്യമായിട്ടും വലിയ വാഹനങ്ങൾ ഇതുവഴി പോകാത്ത വിധം ക്രമീകരണമുണ്ടാക്കാതെ ഉദ്യോഗസ്ഥർ മടങ്ങി. ഇവർ പോയി അധികം വൈകാതെ ഇതുവഴി വലിയ വാഹനങ്ങൾ കടന്നുപോവുകയും റോഡിന്റെ മറുവശവും ഇടിഞ്ഞു തള്ളുകയുമായിരുന്നു.
ഇനി യാത്രാ ദുരിതം
കോട്ടാത്തല, കുറുമ്പാലൂർ, വല്ലം പ്രദേശത്തുകാർ നെടുവത്തൂരിലേക്കും കൊല്ലം ഭാഗത്തേക്കുമൊക്കെ യാത്ര ചെയ്യുന്ന പ്രധാന പാതയാണ് മൂർത്തിക്കാവ്- മനക്കരക്കാവ് റോഡ്. കൊട്ടാരക്കര - പുത്തൂർ റോഡിൽ വെണ്ടാർ മനക്കരക്കാവ് വരെയുള്ള റോഡ് നിരവധി വാഹന യാത്രികർക്ക് പ്രയോജനകരമാണ്. കെ.എസ്.ആർ.ടി.സി ബസ് സർവീസും ഇതുവഴിയുണ്ട്. റോഡ് തകർന്നതോടെ ഇനി യാത്ര ബുദ്ധിമുട്ടാകും. റോഡ് ഇടിഞ്ഞ ഭാഗത്ത് കലുങ്കുമുണ്ട്. വശങ്ങൾ ബലപ്പെടുത്തി കെട്ടിയെടുക്കാൻ ഏറെക്കാലം പിടിക്കും. അതുവരെ പകരം സംവിധാനം ഏർപ്പെടുത്തേണ്ടതായി വരും.
ഭീതിയോടെ വീട്ടുകാർ
കുറുമ്പാലൂർ പട്ടാഴിവിള ഭാഗം ബിന്നിഭവനിൽ രാധാമണിയമ്മയുടെ വീട്ടുമുറ്റത്തേക്കാണ് റോഡ് ഇടിഞ്ഞു തള്ളിയത്. ദിവസങ്ങളായി ഇവിടെ കൽക്കെട്ട് ഇടിയുമെന്ന ഭീതിയിലായിരുന്നു വീട്ടുകാർ. പഞ്ചായത്തിലും പൊലീസിലുമടക്കം പരാതി നൽകിയിരുന്നതുമാണ്. ഇന്നലെ ഉച്ചയോടെയാണ് കൽക്കെട്ട് ഇടിഞ്ഞ് മണ്ണും കല്ലുമടക്കം ഇവരുടെ വീട്ടുമുറ്റത്തേക്ക് പതിച്ചത്. വൈദ്യുത പോസ്റ്റ് മറിഞ്ഞ് മതിലിനും തകരാറുണ്ടായി. കനത്ത മഴയുള്ളതിനാൽ കൂടുതൽ അപകട സാദ്ധ്യതയുമുണ്ട്.