പുനലൂർ: ജില്ലയുടെ കിഴക്കൻ മേഖലയിൽ ഇന്നലെ വൈകിട്ട് ആരംഭിച്ച ശക്തമായ കാറ്റിലും മഴയിലും വ്യാപകനാശം. മരങ്ങൾ വ്യാപകമായി കടപുഴകി കിഴക്കൻ മേഖലയിലെ വലിയൊരു പ്രദേശം ഇന്നലെ രാത്രി ഇരുട്ടിലായിരുന്നു. പുനലൂർ, അഞ്ചൽ, കുളത്തൂപ്പുഴ, പത്തനാപുരം എന്നിവിടങ്ങളിൽ രാത്രി വൈകിയും മഴ ശക്തമായി തുടരുകയാണ്.
ഇന്നലെ വൈകിട്ട് മൂന്നോടെയാണ് മഴ ആരംഭിച്ചത്. പുനലൂർ, കുളത്തൂപ്പുഴ മേഖലയിൽ ശക്തമായ ഇടിയും മിന്നലും ഉണ്ടായിരുന്നു. ഇടമൺ വെള്ളിമലയിൽ ദേശീയപാതയോരത്ത് നിന്ന കൂറ്റൻ തേക്ക് മരം മിന്നലേറ്റ് വിണ്ടുകീറി. ഇടമൺ തേവർകുന്നിൽ മരം കടപുഴകി വൈദ്യുതി ബന്ധം താറുമാറായി. വനത്തിൽ ശക്തമായ മഴ പെയ്തതിനെ തുടർന്ന് രണ്ട് വർഷം മുൻപ് ഉരുൾപൊട്ടലുണ്ടായ ഇടപ്പാളയം അരുണോദയം കോളനിയിലെ വീടുകളിൽ വെള്ളം കയറി. ഈ പ്രദേശത്ത് കാട്ടിൽ നിന്നു ഒഴുകിവന്ന ചെളിയും കല്ലുകളും നിറഞ്ഞ വെള്ളം റോഡിൽ കെട്ടിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടെങ്കിലും പിന്നീട് നാട്ടുകാർ റോഡിലെ ചെളിയും കല്ലുകളും നീക്കി ഗതാഗതം പുന:സ്ഥാപിച്ചു. നെടുവത്തൂർ പട്ടാഴിവിളയിൽ റോഡിന്റെ ഇരുവശങ്ങളും ഇടിഞ്ഞുതാഴ്ന്ന് അപകടാവസ്ഥ രൂപപ്പെട്ടു.