കൊല്ലം: ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി കേന്ദ്രീകരിച്ച് കൊല്ലത്ത് പുതിയ ഇ.എസ്.ഐ മെഡിക്കൽ കോളേജ് ആരംഭിക്കാനുളള നിർദ്ദേശത്തിന് സംസ്ഥാന സർക്കാരിന്റെ എല്ലാവിധ സഹായവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ആശ്രാമം ഇ.എസ്.ഐ മോഡൽ ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി മെഡിക്കൽ കോളേജ് ആശുപത്രിയായി ഉയർത്താൻ സംസ്ഥാന സർക്കാരിന്റെ സഹകരണവും സഹായവും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകി നടത്തിയ ചർച്ചയിലാണ് ഉറപ്പ് ലഭിച്ചത്. മന്ത്രിമാരായ വി. ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ, വീണാ ജോർജ്ജ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ എന്നിവർക്കും വിശദമായ നിവേദനം നൽകി.
ഇ.എസ്.ഐ കോർപ്പറേഷന്റെ 194-ാമത് യോഗത്തിൽ എം.പി ആവശ്യം ഉന്നയിച്ചിരുന്നു. കൊല്ലത്ത് പുതിയ മെഡിക്കൽ കോളേജ് എന്ന ആവശ്യത്തോട് ബോർഡ് ചെയർമാൻ കൂടിയായ കേന്ദ്ര മന്ത്രി മൺസുഖ് മണ്ഡാവ്യയുടെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണണം ഉണ്ടായതിനെ തുടർന്നാണ് തുടർ നടപടികൾക്കായി സംസ്ഥാന സർക്കാരിനെ സമീപിച്ചത്.
സംസ്ഥാന സർക്കാരിനു കീഴിൽ പ്രവർത്തിച്ചുവരുന്ന കൊല്ലം മെഡി. ആശുപത്രിയിൽ ഇൻഷ്വുറൻസ് പരിരക്ഷ ഇല്ലാത്ത തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും ഉൾപ്പെടെ സേവനം നൽകുന്നുണ്ട്. ഇൻഷ്വുറൻസ് പരിരക്ഷയുള്ള തൊഴിലാളികൾക്ക് പ്രത്യേകം പരിഗണന ലഭിക്കുന്നില്ല. ആശുപത്രി ഇ.എസ്.ഐ കോർപ്പറേഷന് തിരികെ വിട്ടു നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ മെഡിക്കൽ കോളേജ് എന്ന ആവശ്യം ഉന്നയിച്ചത്.