പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ പെയ്ത കനത്തമഴയിൽ ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയം, അരുണോദയം കോളനിക്ക് മുകൾ ഭാഗത്തെ ഉൾവനത്തിൽ ഉരുൾ പൊട്ടിയതായി സംശയം. കോളനിക്ക് മുകൾ ഭാഗത്തെ ഉൾ വനത്തിൽ നിന്ന് തേക്ക് പ്ലാന്റേഷൻ വഴി ശക്തമായ നിലയിൽ വെള്ളവും ചെളിയും ഒഴുകി കോളനിയിലും മറ്റും എത്തിയതാണ് സംശയങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. രണ്ട് വർഷം മുമ്പ് അരുണോദയം കോളനിക്ക് സമീപത്ത് ഉരുൾ പൊട്ടി നിരവധി വീടുകൾ നശിച്ചിരുന്നു. സംഭവത്തെ തുടന്ന് മന്ത്രി കെ.രാജനും വിദഗ്ദ്ധ സംഘവും സ്ഥലം സന്ദർശിച്ച് ഇവിടെ ഉരുൾ പൊട്ടാനുളള സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. അരുണോദയം കോളനിയിലെ നടവഴികളും ചെറുതോടുകളും നിറഞ്ഞൊഴുകുകയായിരുന്നു. തെന്മല കേന്ദ്രീകരിച്ച് ഫയർ സ്റ്റേഷന്റെ ഒരു യൂണിറ്റ് ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞെങ്കിലും നടപടികൾ അനന്തമായി നീണ്ട് പോകുന്നതും ജനങ്ങളെ ആശങ്കയിലാക്കുകയാണ്.