 
കൊല്ലം: സുരക്ഷ ഓഡിറ്റിൽ ബലക്ഷയം കണ്ടെത്തിയെന്ന പേരിൽ അറ്റകുറ്റപ്പണികൾക്കായി 16 മാസം മുമ്പ് അടച്ച കർബല മേൽപ്പാലം ഇപ്പോഴും അടഞ്ഞുതന്നെ. അടയ്ക്കുന്ന സമയത്ത് റെയിൽവേ പറഞ്ഞത്, ഏതാനും മാസങ്ങൾക്കുള്ളിൽ തുറന്നു നൽകുമെന്നായിരുന്നു. പക്ഷേ, ആ വാക്ക് പാഴായി. ദുരിതത്തിലായത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ.
കൊല്ലം എസ്.എൻ കോളേജ്, എസ്.എൻ വനിതാ കോളേജ്, ലാ കോളേജ്, ഫാത്തിമ കോളേജ്, എസ്.എൻ ട്രസ്റ്റ് സ്‌കൂൾ, ക്രിസ്തുരാജ് സ്‌കൂൾ എന്നിവിടങ്ങളിലേക്ക് കുണ്ടറ, കൊട്ടാരക്കര മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ശങ്കേഴ്‌സ് ആശുപത്രിക്കു സമീപം ബസ് ഇറങ്ങി റെയിൽവേ മേൽപ്പാലം വഴിയാണ് പോയിരുന്നത്. കോളേജിൽ നിന്ന് വൈകിട്ടിറങ്ങുമ്പോൾ ഏറെ ദൂരം നടന്ന് വേണം ബസ് സ്‌റ്റോപ്പിലെത്താൻ. റെയിൽവേ അധികൃതർ പാലം അച്ചതോടെ കണ്ണനല്ലൂർ, ഇളമ്പള്ളൂർ ഭാഗത്തേക്ക് പോകേണ്ട വിദ്യാർത്ഥികൾ ഒന്നരകിലോമീറ്റർ അകലെയുള്ള കടപ്പാക്കട ജംഗ്ഷനിലോ 1.3 കിലോമീറ്റർ അപ്പുറമുള്ള ചിന്നക്കട ക്ലോക്ക് ടവറിന് മുന്നിലുള്ള ബസ് സ്‌റ്റോപ്പിലോ എത്തേണ്ട സ്ഥിതിയാണ്. നടന്ന് ക്ഷീണിച്ച് സ്‌റ്റോപ്പുകളിലെത്തുമ്പോൾ ബസ് കിട്ടാൻ വൈകുന്നതാണ് മറ്റൊരു തലവേദന. ചിലർ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതും നിറുത്തിയിട്ടിരിക്കുന്ന ട്രെയിനുകളിൽക്കൂടി കയറി ഇറങ്ങുന്നതും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്.
കൊല്ലം- ചെങ്കോട്ട റോഡിനെയും റെയിൽവേ സ്റ്റേഷൻ- ചെമ്മാൻമുക്ക് റോഡിനെയും ബന്ധിപ്പിച്ച് കർബല ജംഗ്ഷനിൽ തുടങ്ങി ആഞ്ഞിലിമൂട്ടിൽ അവസാനിക്കുന്നതാണ് കർബല മേൽപ്പാലം. കഴിഞ്ഞ ജൂൺ 20ന് റെയിൽവേ സുരക്ഷാവിഭാഗം നടത്തിയ ഓഡിറ്റിലാണ് പാലത്തിൽ വിള്ളലുകൾ ഉണ്ടെന്നും അറ്റകുറ്റപ്പണിക്കായി പാലം അടയ്ക്കണമെന്നും നിർദേശിച്ചത്.
പരാതികൾ പെരുവഴിയിൽ
കർബല മേൽപ്പാലം ഉടൻ തുറക്കേണ്ടതിന്റെ അനിവാര്യതയെപ്പറ്റി വിദ്യാർത്ഥികളും യാത്രക്കാരും നിരവധി തവണ റെയിൽവേ അധികൃതർക്ക് പരാതി നൽകിയിരുന്നു. പക്ഷേ, യാതൊരു നടപടിയും ഉണ്ടായില്ല. കർബല ജംഗ്ഷനിൽ പാലം അവസാനിക്കുന്ന ഭാഗത്തെ ഭൂമിയുമായി ബന്ധപ്പെട്ട് റെയിൽവേയും കോർപ്പറേഷനുമായി നിലനിൽക്കുന്ന തർക്കമാണ് പാലം തുറക്കുന്നത് വൈകാൻ കാരണമെന്നും പറയുന്നു. നിലവിൽ പാലം അടച്ചിട്ടിരിക്കുന്ന ഭാഗത്ത് കാട് മൂടി മാലിന്യങ്ങൾ നിറഞ്ഞു കിടക്കുന്ന സ്ഥിതിയാണ്.
.............................................................................
റെയിൽവേ സ്‌റ്റേഷന്റെ നവീകരണം പൂർത്തിയായ ശേഷം ആവശ്യമെങ്കിൽ മാത്രം പാലത്തിലെ തകരാർ പരിഹരിച്ച് തുറന്നാൽ മതിയെന്നാണ് റെയിൽവേ തീരുമാനമെന്ന് സൂചന.