 
പുനലൂർ : കുടിവെള്ളം മുട്ടിയും മതിയായ യാത്രാ സൗകര്യമില്ലാതെയും ദുരിത ജീവിതം നയിക്കുകയാണ് കക്കോട് - കുറുമക്കാട് നിവാസികൾ. കക്കോട് ഭാഗത്ത് പൈപ്പുകൾ സ്ഥാപിച്ച് ലൈൻ വലിച്ചിട്ട് ഒന്നര വർഷം പിന്നിടുന്നു. എന്നിട്ടും കുടിവെള്ളമില്ല. കക്കോട് പാറയ്‌ക്ക് താഴെ താമസിക്കുന്നവരാണ് ലൈനിൽ വെള്ളം വരുന്നത് എന്നെന്നറിയാതെ വേഴാമ്പലിനെ പോലെ കാത്തിരിക്കുന്നത്.
കക്കോട് പാറയുടെ മുകളിലെ വാൽവ് ഭാഗികമായി തുറന്ന് ലൈനിൽ നീരൊഴുക്കുണ്ടോ എന്ന പരിശാധന മുറയ്‌ക്ക് നടക്കുന്നതല്ലാതെ പ്രശ്‌ന പരിഹാരത്തിന് ബന്ധപ്പെട്ടവർ മുൻകൈ എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കേന്ദ്ര സർക്കാരിന്റെയും പുനലൂർ മുനിസിപ്പാലിറ്റിയുടെയും പലവിധ കുടിവെള്ള പദ്ധതികൾ ഉണ്ടെങ്കിലും നാടിന്റെ ദാഹം ശമിപ്പിക്കാൻ വെള്ളമില്ല.
800 രൂപയ്‌ക്ക് 2000 ലി.വെള്ളം
തകർന്ന് തരിപ്പണമായ റോഡ്
ഐക്കരക്കോണത്ത് നിന്ന് കുറുമക്കാട്ടേക്കുള്ള റോഡാണ് പ്രദേശവാസികളെ അലട്ടുന്ന മറ്രൊരു പ്രശ്‌നം. പുനലൂരേക്കുള്ള ഈ പ്രദേശത്തുകാരുടെ യാത്രാമാർഗമാണ് ഈ റോഡ്. ടാർ കണ്ട കാലം മറന്ന റോഡിൽ അറ്റകുറ്റപ്പണികൾ പോലും നടക്കാറില്ല.
വില കൊടുത്താണ് കുടിക്കാനും ഗാർഹിക ആവശ്യങ്ങൾക്കും വെള്ളം വാങ്ങുന്നത്. 800 രൂപയ്‌ക്ക് 2000 ലിറ്ററിന്റെ ഒരു വീപ്പ വെള്ളം കിട്ടുന്നത് ഒരാഴ്‌ച്ച ഉപയോഗിക്കുന്നു. പരീക്ഷണാർത്ഥം വാൽവ് തുറന്നു വെള്ളത്തിന്റെ ഒഴുക്ക് പരിശോധിക്കുമ്പോൾ ധാരാളം വെള്ളം പാഴാകുന്നത് പതിവ് കാഴ്‌ച്ചയാണ്.
ഉഷ
പ്രദേസവാസി
റോഡുകൾ ഗുണനിലവാരമുള്ള നിലയിൽ നിർമ്മിക്കണമെങ്കിൽ മുനിസിപ്പാലിറ്റിയുടെ ഫണ്ട് അപര്യാപ്‌തമാണ്. സർക്കാർ ഫണ്ട് ലഭ്യമാകുന്ന മുറയ്‌ക്ക് റോഡുകൾ നവീകരിക്കും.
എൻ.പി.അരവിന്ദാക്ഷൻ
മുനിസിപ്പൽ കൗൺസിലർ
കുടിവെള്ള പദ്ധതിയുടെ പൈപ്പിടൽ പൂർത്തിയായെങ്കിലും കലയനാട്ടെ ഓവർഹെഡ് ടാങ്ക് ഇനിയും പൂർത്തിയായിട്ടില്ല.സ്ഥലത്തിന്റെ ലഭ്യതയായിരുന്നു പ്രശ്‌നം. ഡിസൈൻ അംഗീകരിച്ചതിനെ തുടർന്ന് ടാങ്കിന്റെ പണി വേഗം പൂർത്തിയാകും.
വാട്ടർ അതോറിട്ടി അധികൃതർ