 
അഞ്ചൽ: അഞ്ചൽ ടൗണിലെത്തിയാൽ മൂക്ക് പൊത്താതെ വയ്യ. ദുർഗന്ധത്തിൽ മുങ്ങിയ ടൗണിന്റെ മിക്ക ഭാഗങ്ങളിലും മാലിന്യം കുന്നുകൂടിയിരിക്കുകയാണ്. പകർച്ചപ്പനി ഉൾപ്പടെ , രോഗബാധിതരുടെ എണ്ണം വർദ്ധിച്ചു. പനിബാധിച്ച് അടുത്തിടെ മരിച്ചവരുടെ എണ്ണവും കുറവല്ല. ടൗണിൽ താമസിക്കുന്ന അമ്പത്തിയഞ്ചുകാരൻ എലിപ്പനി ബാധിച്ച് മരണപ്പെട്ടത് രണ്ട് ദിവസം മുമ്പാണ്. എന്നിട്ടും ടൗണിലെ മാലിന്യം നീക്കം ചെയ്യാൻ യാതൊരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തുനിന്നില്ല.
പഞ്ചായത്ത് തിരിഞ്ഞ് നോക്കുന്നില്ല
ടൗണിൽ മാർക്കറ്റ് ജംഗ്ഷനിലെ പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ പരിസരം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുകയാണ്. നിരവധി ആശുപത്രികളും സ്കൂളുകളും സർക്കാർ ഓഫീസുകളും പ്രൈവറ്റ് ബസ് സ്റ്റാൻഡും ഒക്കെയുള്ള ഇവിടെ മാസങ്ങളായി മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. അഞ്ചൽ ആർ.ഒ. ജംഗ്ഷനിലെ ഇടവഴികളിലും വ്യാപകമായി മാലിന്യം തള്ളിയിരിക്കുന്നു. മാലിന്യം നീക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്തിനെ പലതവണ സമീപിച്ചിട്ടും നടപടിയില്ല.
ആരോഗ്യവകുപ്പും നോക്കുകുത്തി
മാലിന്യ നിക്ഷേപത്തിന് സ്ഥലം വാങ്ങാനും മാലിന്യ പ്ലാന്റ് സ്ഥാപിക്കാനും മുൻ ഭരണസമിതികൾ ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിച്ചത്. എന്നാൽ അതൊന്നും ഫലത്തിലില്ല. മാർക്കറ്റിൽ മാലിന്യം കുന്നുകൂടുന്നിടത്ത് പലതവണ തീ പടരുകയും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചൽ പഞ്ചായത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടെ നാല് പ്രസിഡന്റുമാർ വന്നുപോയതല്ലാതെ മാലിന്യ പ്രശ്നത്തിന് ഫലപ്രദമായ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കൊതുകു ജന്യ രോഗങ്ങൾ വർദ്ധിച്ചിട്ടും ഇതുമൂലം മരണങ്ങൾ സംഭവിച്ചിട്ടും അധികൃതർക്ക് യാതൊരു കുലുക്കവുമില്ല. ആരോഗ്യവകുപ്പ് അധികൃതരും നോക്കുകുത്തികളായി മാറിയിരിക്കുകയാണ്.
അഞ്ചൽ ടൗണിലെ മാലിന്യ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി ഉണ്ടാകണം. ഈ കാര്യത്തിൽ പലതവണ അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്. ഇനി ശക്തമായ സമര പരിപാടികൾ ആരംഭിക്കും. പനി ബാധിച്ച് അടുത്തിടെ നിരവധി പേർ മരണപ്പെട്ടു. എന്നിട്ടും പഞ്ചായത്ത് അലംഭാവം തുടരുകയാണ്.
എസ്.ഉമേഷ് ബാബു
ബി.ജെ.പിഅഞ്ചൽ മണ്ഡലം പ്രസിഡന്റ്