പത്തനാപുരം: പഞ്ചായത്തിലെ അങ്കണവാടിയിലേക്ക് അദ്ധ്യാപകരടക്കമുള്ള ജീവനക്കാരെ തിരഞ്ഞെടുത്തതിൽ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം. ഇത് സംബന്ധിച്ച് വിവിധ സംഘടനകളാണ് പരാതിയുമായി രംഗത്തുവന്നത്. പഞ്ചായത്ത് ഭരണം നടത്തുന്നവർ നിയമനം നടത്തേണ്ടവരെ മുൻകൂട്ടി നിശ്ചയിച്ച് വീതം വച്ചെടുക്കുകയായിരുന്നുവെന്ന് ആരോപിച്ച് ഗ്രാമപഞ്ചായത്തംഗമായ കോൺഗ്രസിലെ എം.സാജുഖാനാണ് പരാതിയുമായി രംഗത്തുവന്നത്. പിന്നാലെ മുസ്ലീം ലീഗ് പഞ്ചായത്തു കമ്മിറ്റിയും പരാതി നൽകി. ഗ്രാമഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് അടക്കമുള്ളവരെ അനർഹമായി ലിസ്റ്റിൽ ഉൾപ്പെടുത്തിയെന്നാണ് പരാതി. ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഉന്നതർക്ക് പരാതി നൽകിയതായി എം.സാജു ഖാനും ഷിബു താന്നിവിളയും പറഞ്ഞു. ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.തുളസി അറിയിച്ചു.