കുണ്ടറ: പള്ളിമുക്ക് മേൽപ്പാല നിർമ്മാണത്തിന് 43.32 കോടിയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി പി.സി. വിഷ്ണുനാഥ്‌ എം.എൽ.എ അറിയിച്ചു. മേൽപ്പാല നിർമ്മാണത്തിനുള്ള നിർവ്വഹണ ഏജൻസിയായി ആർ.ബി.ഡി.സി.കെയെ പുനർ നിയമിക്കുകയും ചെയ്തു. നിർമ്മാണ ചുമതല ആദ്യകാലത്തു ആർ.ബി.ഡി.സി.കെയ്ക്ക് ആയിരുന്നെങ്കിലും പിന്നീട് മറ്റൊരു പദ്ധതിയുടെ ഭാഗമായി കെ.ആർ.എഫ്.ബിക്ക് കൈമാറിയിരുന്നു. ഇതോടെ നിർമ്മാണം പ്രതിസന്ധിയിലാവുകയും ചെയ്തു.

ഈ സാഹചര്യത്തിൽ വിഷയം എം.എൽ.എ നിരവധി തവണ നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചു. പിന്നീട് പൊതുമരാമത്ത് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. റെയിൽവേയുടെ ഭാവി വികസന പദ്ധതികൾ കൂടി പരിഗണിച്ച് ജനറൽ അലൈമെന്റ് ഡ്രായിംഗ് പരിഷ്ക്കരിക്കണം എന്ന് റെയിൽവേ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ സാന്നിദ്ധ്യത്തിൽ എം.എൽ.എയും റെയിൽവേ ഉദ്യോഗസ്ഥരും യോഗം നടത്തിയിരുന്നു. നിർവ്വഹണ ഏജൻസിയെ ചുമതലപ്പെടുത്തി ഉത്തരവായാൽ ജി.എ.ഡി അപ്രൂവൽ പുതുക്കി നൽകാൻ നടപടി സ്വീകരിക്കുമെന്ന് റെയിൽവേ അറിയിച്ചു.