കടയ്ക്കൽ: ചിതറയിൽ രണ്ടരക്കിലോ കഞ്ചാവുമായി നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ അച്ചു എന്ന വിപിൻദാസിനെ കൊല്ലം റൂറൽ ഡാൻസാഫ് ടീമും ചിതറ പൊലീസും ചേർന്ന് പിടി കൂടി. ജില്ലയിലെ സ്കൂൾ, കോളേജുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തികൊണ്ടിരുന്ന സംഘത്തിലെ പ്രധാനി ആണ് പിടിയിലായത്. കഞ്ചാവ് കടത്തുന്ന സംഘം വിപിൻ ദാസിന്റെ വീട്ടിൽ ഒത്തു കൂടിയിട്ടുണ്ട് എന്ന കൊല്ലം റൂറൽ എസ്.പി സാബു മാത്യു ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര ഡിവൈ.എസ്.പി ബൈജു കുമാറിന്റെ നിർദ്ദേശനുസരണം ഡാൻസഫ്എസ്.ഐ ജ്യോതിഷ് ചിറവൂർ,സി.പി.ഒ മാരായ ആലിഫ്, സജുമോൻ, ദിലീപ്,അഭിലാഷ്,വിപിൻ ക്‌ളീറ്റസ്, ചിതറ സി.ഐ സന്തോഷ്‌ ചിതറ ,എസ്.ഐ രശ്മി എന്നിവർ അടങ്ങുന്ന സംഘം വിപിൻ ദാസിന്റെ വീട്ടിൽ എത്തി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ട രണ്ട് പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായി ചിതറ പൊലീസ് അറിയിച്ചു. ലഹരി സംഘങ്ങൾക്ക് എതിരെ ശക്തമായ നടപടികൾ ജില്ലയിലാകമാനം തുടരുമെന്ന് റൂറൽ എസ്.പി അറിയിച്ചു.