 
കൊല്ലം: ദേശീയപാതയിൽ കല്ലുംതാഴം ജംഗ്ഷനിൽ സ്‌റ്റോപ്പിൽ നിറുത്തിയ സ്വകാര്യ ബസിനും ഓടിക്കൊണ്ടിരുന്ന കാറിനും മുകളിലേക്ക് ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു നാല് പേർക്ക് പരിക്ക്. ബസ് ഡ്രൈവർ കേരളപുരം കോവിൽമുക്ക് ബിജുഭവനത്തിൽ ബിജു (46), ബസിലെ യാത്രക്കാരി സുനിത, ബസ് സ്‌റ്റോപ്പിൽ നിൽക്കുകയായിരുന്ന രാമൻകുളങ്ങര സ്വദേശിനി ഉഷാകുമാരി, കൺട്രോൾ റൂം ഡ്യൂട്ടികഴിഞ്ഞ് തിരികെ വീട്ടിലേക്ക് ബൈക്കിൽ പോകുകയായിരുന്ന ഗ്രേഡ് എസ്.ഐ സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇന്നലെ വൈകിട്ട് 6.50ന് കല്ലുംതാഴം ജംഗ്ഷനിലെ ബസ് സ്‌റ്റോപ്പിലായിരുന്നു സംഭവം. ഈ സമയം ബസിൽ 35ൽ അധികം യാത്രക്കാരുണ്ടായിരുന്നു. ചവറയിൽ നിന്ന് ഇളമ്പള്ളൂരിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ നിന്ന് യാത്രക്കാരെ ഇറക്കുന്നതിനിടെ കല്ലുംതാഴം ജംഗ്ഷനിലെ ബസ് സ്‌റ്റോപ്പിനോട് ചേർന്നുള്ള കൂറ്റൻ ആൽമരത്തിന്റെ ശിഖരം ബസിനും കാറിനും മുകളിലേക്ക് വീഴുകയായിരുന്നു. ബസിന്റെ മുൻഭാഗവും കാറും പൂർണമായി തകർന്നു. കാർ യാത്രക്കാരും ബസ് ഡ്രൈവറും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ മുകളിലേക്ക് ചില്ല വീണെങ്കിലും കാര്യമായ നാശനഷ്ടം ഉണ്ടായില്ല. ബസിൽ മുന്നിൽ നിന്ന് യാത്ര ചെയ്യുകയായിരുന്നു സുനിത. ഇവരുടെ കൈക്കും തലയ്ക്കുമാണ് പരിക്കേറ്റത്. ബസ് സ്‌റ്റോപ്പിൽ നിൽക്കവേയാണ് മരത്തിന്റെ ചില്ല തട്ടി ഉഷാകുമാരിയുടെ തല പൊട്ടിയത്. ഡ്യൂട്ടികഴിഞ്ഞ് ബൈക്കിൽ വരുന്നതിനിടയിൽ മരച്ചില്ല തട്ടിയാണ് കൺട്രോൾ റൂം ഗ്രേഡ് എസ്. ഐ സുരേഷിന് തലയ്ക്ക് പരിക്കേറ്റത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലും പരിക്കേറ്റ മറ്റ് മൂന്ന് പേരെ കിളികൊല്ലൂർ പൊലീസ് ജില്ലാ ആശുപത്രിയിലും ഇത്തിച്ചു.
പരിക്ക് ഗുരുതരമല്ല
അപകടം നടന്ന ഉടൻ നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത് . അപകടത്തെ തുടർന്ന് ദേശീയപാതയിലൂടെയുള്ള ഗതാഗതം മണിക്കൂറുകളോളം പൂർണമായും തടസപ്പെട്ടു. കല്ലുംതാഴം ഭാഗത്തേക്കുള്ള വാഹനങ്ങൾ പാലക്കടവ് വഴി തിരിച്ചു വിട്ടു. കൊല്ലത്തേക്കുള്ള വാഹനങ്ങൾ മറ്റ് വഴികളിലൂടെയും തിരിച്ചു വിട്ടു. കടപ്പാക്കടയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം മണിക്കൂറുകൾ പ്രയത്‌നിച്ചാണ് റോഡിൽ നിന്ന് മരം മുറിച്ചു മാറ്റിയത്. ബസും റോഡിൽ നിന്ന് മാറ്റി. കിളികൊല്ലൂർ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.